wayanad local

മന്ത്രി കുടിലിലെത്തി; ഒപ്പം വെളിച്ചവും



കല്‍പ്പറ്റ: ആദ്യമായി ഒരു മന്ത്രി തങ്ങളുടെ വീട്ടിലെത്തുന്നതറിഞ്ഞ് പനയ്ക്കല്‍ കോലോത്തുമുറിയിലെ സുരേഷും ഭാര്യയും കുഞ്ഞുമക്കളായ കാവ്യയും കീര്‍ത്തിയും ആവേശത്തിലായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് വൈദ്യുതി മന്ത്രി എം എം മണി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കുടിലിലേക്ക് കടന്നുവന്നപ്പോള്‍ ഇളയവള്‍ കാവ്യയ്ക്ക് അദ്ഭുതം. പിന്നീടാണ് തങ്ങള്‍ക്ക് സ്വപ്‌നം മാത്രമായിരുന്ന വൈദ്യതിയും വെളിച്ചവുമായാണ് മന്ത്രിയെത്തിയതെന്ന് അവര്‍ക്ക് മനസ്സിലായത്. വീട്ടില്‍ വച്ചുപിടിപ്പിച്ചിരുന്ന സ്വിച്ച് ഇട്ടതോടെ വെളിച്ചവും എത്തി. ഇനി ഞങ്ങള്‍ക്ക് നല്ല വെളിച്ചത്തിരുന്ന് വായിക്കാം-കാവ്യ പറഞ്ഞു. താഴെ അരപ്പറ്റ മിച്ചഭൂമിയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി 72 കുടുംബങ്ങള്‍ക്ക് അനുവദിച്ച വൈദ്യുതി കണക്ഷന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. കുടിയേറ്റ മേഖലയിലെ വീടുകള്‍ക്ക് സര്‍ക്കാരിന്റെ പുതിയ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിപ്രകാരം താല്‍ക്കാലിക നമ്പര്‍ ഇട്ട് നല്‍കിയാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. മേപ്പാടി പഞ്ചായത്തില്‍ വൈദ്യുതി കണക്ഷനായി പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയ 1,210 പേര്‍ക്ക് വൈദ്യുതി നല്‍കി. ഇതിനായി ഇവിടെ മാത്രം 7,34,400 രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. 1,800 മീറ്റര്‍ ലൈന്‍ വലിച്ചു. കൃഷി ചെയ്യാത്ത ഭൂമി എസ്റ്റേറ്റുകള്‍ കൈവശം വച്ച് ഉപയോഗിക്കേണ്ട കാര്യമില്ലെന്നു മന്ത്രി പറഞ്ഞു. എസ്റ്റേറ്റുകള്‍ക്ക് ഭൂമി നല്‍കിയത് തേയിലകൃഷി നടത്താനാണ്. അല്ലാത്ത സര്‍ക്കാര്‍ വക ഭൂമി കൈവശം വയ്‌ക്കേണ്ട കാര്യം അവര്‍ക്കില്ല- മന്ത്രി പറഞ്ഞു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയകുമാരി, മൂപ്പൈനാട് പഞ്ചായത്ത് അംഗങ്ങളായ പി സി ഹരിദാസന്‍, ജോളി സ്‌കറിയ, ദാമോദരന്‍, സംഗീത രാമകൃഷ്ണന്‍, സതീദേവി, സബ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് അഖിലേഷ് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it