മന്ത്രി ഐസക്കിന്റെ ഫാഷിസ്റ്റ് ചാലഞ്ച്

അവകാശങ്ങള്‍ നിഷേധങ്ങള്‍ - ബാബുരാജ് ബി എസ്

മലയാളത്തിലെ ഒരു കവി 2001ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരകാലത്ത് കടുത്ത തീരുമാനമെടുത്തു. താനിനി കെ വേണുവിന്റെ രാഷ്ട്രീയസംരംഭങ്ങള്‍ക്കു സംഭാവന നല്‍കില്ല. ജീവനക്കാരുടെ സമരത്തെ അപഹസിച്ചതാണ് കവിയെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍വിലാസം ബുദ്ധിജീവികളുടെ ആക്ഷേപങ്ങളായിരുന്നു മാരകം. പണിയെടുക്കാതെ ശമ്പളം പറ്റുന്നവരാണു ജീവനക്കാരെന്ന് അവര്‍ പരിഹസിച്ചു.
ഇതൊക്കെ ഓര്‍ക്കാന്‍ കാരണമുണ്ട്. പ്രളയാനന്തരം പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പൂര്‍ണമായും പിടിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിക്കുന്നവരോട് പൊതുസമൂഹം എടുക്കുന്ന സമീപനം ഇതിനോട് സമാനമാണ്. പണിമുടക്കുകാലത്ത് അവര്‍ എങ്ങനെയൊക്കെ ആക്ഷേപിക്കപ്പെട്ടോ അതു വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കണമെന്നാണ് ധനമന്ത്രി പറയുന്നത്. അതേസമയം, നിര്‍ബന്ധമില്ലെന്നും പറയുന്നു. അത്തരക്കാര്‍ എഴുതിനല്‍കണം. ഇത്രയും നല്ലത്.
എന്നാല്‍ സംഭവിക്കുന്നതെന്താണ്? സംഭാവനയാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ അത് എത്ര വേണമെന്ന് കൊടുക്കുന്നവരാണു തീരുമാനിക്കുക. പകരം എല്ലാ തീരുമാനവും സര്‍ക്കാര്‍ എടുക്കുകയാണ്. രണ്ടുദിവസത്തെ വേതനം മുതല്‍ എത്ര വേണമെങ്കിലും കൊടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ മാസശമ്പളമെന്നായി. കൊടുക്കുന്നവര്‍ എഴുതിനല്‍കണമെന്നു പറഞ്ഞത് കൊടുക്കാത്തവര്‍ എഴുതിനല്‍കണമെന്നാക്കി. നിര്‍ബന്ധമായും നല്‍കണമെന്ന രീതിയില്‍ ഉത്തരവിറക്കിയാല്‍ നിയമപ്രശ്‌നമാവുമെന്നതിനാലാണ് അതൊഴിവാക്കിയതെന്നു പറയപ്പെടുന്നു. പകരം നിര്‍ബന്ധപൂര്‍വം പണം പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി, 'നിര്‍ബന്ധമില്ല' എന്ന ലേബലൊട്ടിച്ചിരിക്കയാണ്.
സര്‍ക്കാര്‍ ജോലിക്കാര്‍ക്കെതിരേയുള്ള വെറുപ്പും നീരസവും ഉപയോഗപ്പെടുത്തിയാണ് ഇതിനെതിരേയുള്ള പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്നത്. ഒരു സാംപിള്‍ ഇതാ: ''ഉദ്യോഗസ്ഥരോടും അധ്യാപകരോടും ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ കാണിക്കേണ്ട കാര്യമില്ല. ഒരുമാസത്തെ ശമ്പളം തന്നില്ലെങ്കില്‍ പിടിച്ചെടുക്കണം. ''
കേരളത്തെ പുനര്‍നിര്‍മിക്കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. അതിന് ജീവനക്കാരോടെന്നല്ല, ആരോടും സഹായം അഭ്യര്‍ഥിക്കാം. പക്ഷേ, അതിന്റെ രീതിയാണു പ്രശ്‌നം. പണം ജീവനക്കാരന്റെയാണെന്നും അത് സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ചെയ്ത ജോലിയുടെ കൂലിയാണെന്നും ആദ്യം അംഗീകരിക്കണം. എന്നിട്ട് സര്‍ക്കാര്‍ ഭവ്യതയോടെ പണം അഭ്യര്‍ഥിക്കണം. തരാന്‍ മനസ്സുള്ളവര്‍ തരട്ടെ എന്നു തീരുമാനിക്കണം. അല്ലാത്തതൊക്കെ പിടിച്ചുപറിയാണ്.
ഇതിന് മറ്റൊരു വശം കൂടിയുണ്ട്. പ്രളയത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ വിഹിതം ചോദിച്ചുവാങ്ങാന്‍ സംസ്ഥാനത്തിനോ അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ പാര്‍ട്ടികള്‍ക്കോ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ഇന്നലെകള്‍ പരിശോധിച്ചാല്‍ കേന്ദ്രവിരുദ്ധ സമരങ്ങളുടെ അലയൊലികള്‍ നമുക്കു കേള്‍ക്കാം. പ്രശ്‌നങ്ങള്‍ അതിനേക്കാള്‍ ഗുരുതരമായിട്ടും ഇത് ഒരു സമരവിഷയമാക്കാന്‍ ഐസക്കിന്റെ പാര്‍ട്ടിക്കാര്‍ എന്തുകൊണ്ടാണു മടിക്കുന്നത്? നോട്ടുനിരോധനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ വെട്ടിക്കുറച്ചപ്പോഴും ജിഎസ്ടിയിലൂടെ സാമ്പത്തിക ഫെഡറലിസം ഇല്ലായ്മ ചെയ്തപ്പോഴും സര്‍ക്കാര്‍ പ്രതിഷേധിച്ചില്ല. ഇത്തരം നടപടികളുമായി കേന്ദ്രം വരുമ്പോള്‍ ധനപ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ നികുതി ചുമത്തുന്നതാണ് എളുപ്പമെന്ന് ഐസക്കിന്റെ കച്ചവടബുദ്ധി കരുതുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഏറ്റവും കൂടുതല്‍ നികുതി പിരിക്കുന്ന സംസ്ഥാനം ഇന്നും കേരളമാണെന്നു മറക്കേണ്ട. പെട്രോളിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ നികുതിവിഹിതം കുറയ്ക്കാന്‍ പ്രളയത്തിനു മുമ്പും ഐസക് തയ്യാറായിട്ടുമില്ല. ചുരുക്കത്തില്‍, കേന്ദ്രത്തില്‍ നിന്നു കിട്ടേണ്ട വിഭവങ്ങള്‍ക്കു വേണ്ടി വിയര്‍പ്പൊഴുക്കാതെ ജനങ്ങളുടെ അധ്വാനം പിടിച്ചെടുക്കുന്നതിലാണ് താല്‍പര്യം. പ്രളയത്തിന്റെ പേരില്‍ പലതരം സെസ്സുകള്‍ ചുമത്തുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. ജനങ്ങളും ജീവനക്കാരും സോഫ്റ്റ് ടാര്‍ജറ്റുകളാണല്ലോ.
ഇങ്ങനെ പിടിച്ചെടുക്കുന്ന പണം ഉപയോഗിക്കുന്നത് എങ്ങനെയാണ്? പുനര്‍നിര്‍മിതി കച്ചവടസാധ്യതയായി കണക്കാക്കുന്ന ലോകബാങ്കിന്റെ പ്രതിനിധികള്‍ ഇപ്പോഴേ സംസ്ഥാനത്ത് സജീവമാണ്. ജീവനക്കാരില്‍ നിന്നു പിഴിഞ്ഞെടുക്കുന്ന പണവും ദുരിതാശ്വാസ ഫണ്ടും ലോകബാങ്കിന്റെ വായ്പയും ഇനി ഉപയോഗിക്കാന്‍ പോവുന്നത് പുനര്‍നിര്‍മിതിയുടെ ഭാഗമായെത്തുന്ന കമ്പനികളായിരിക്കുമെന്ന സൂചനകള്‍ നല്‍കിയത് വിമര്‍ശകരല്ല, സര്‍ക്കാരാണ്. ഇത്രതയും പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം: നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരാണ് ഇരകളെങ്കില്‍ നാളെ അത് ആരുമാവാം. പക്ഷേ, അതികാല്‍പനിക മുദ്രാവാക്യങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുമെന്നതുകൊണ്ട് ആരുടെയും പിന്തുണ പ്രതീക്ഷിക്കാനും വയ്യ. ി
Next Story

RELATED STORIES

Share it