Second edit

മന്ത്രി എ കെ ബാലന് ഒരു കത്ത്...

പി എ എം ഹനീഫ്
പ്രിയപ്പെട്ട ബാലന്‍,  താങ്കള്‍ക്ക് ഇവ്വിധമൊരു തുറന്ന കത്ത് സമര്‍പ്പിക്കുന്നത്, ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതില്‍ സൂചിപ്പിക്കുന്ന വിഷയങ്ങള്‍ താങ്കള്‍ ഗൗരവപൂര്‍വം കൈകാര്യം ചെയ്യും എന്നുറപ്പുള്ളതിനാലാണ്. 1980ല്‍ താങ്കള്‍ പാര്‍ലമെന്റംഗം ആയപ്പോഴും 2006-11 സംസ്ഥാന മന്ത്രിസഭയില്‍ പട്ടികജാതി ക്ഷേമ മന്ത്രിയായിരുന്നപ്പോഴും സ്വന്തം മണ്ഡലത്തിലും, വിശേഷിച്ച് കേരളീയര്‍ക്ക് മൊത്തത്തിലും നല്ലത് പലതും ചെയ്‌തെന്നത് നേരിട്ട് ബോധ്യമുള്ളതിനാലാണീ കുറിപ്പ്. വിദ്യുച്ഛക്തി മന്ത്രിയെന്ന നിലയ്ക്ക് പിണറായി വിജയനേക്കാളും ശോഭിച്ച മന്ത്രി താങ്കളായിരുന്നു. പാലക്കാടിനെ സമ്പൂര്‍ണ വിദ്യുച്ഛക്തിവല്‍ക്കരണത്തിലൂടെ ഇന്ത്യയില്‍ തന്നെ ഒന്നാംസ്ഥാനത്തെത്തിച്ചതും വൈദ്യുതിവിതരണം കാര്യക്ഷമമാക്കുന്നതില്‍ ബാലന്‍ അനുഷ്ഠിച്ച നിയമനിര്‍മാണങ്ങളും ശുഷ്‌കാന്തിയും ആ മേഖല ശ്രദ്ധിച്ച ഏതു വിദഗ്ധനും ശിരസ്സാട്ടി സമ്മതിക്കും. സുഹൃത്തുക്കളിലൊരാളായ കറന്റ് വിതരണ വിഭാഗം എന്‍ജിനീയര്‍ കാര്യകാരണ തെളിവുകള്‍ സഹിതം ഇതെനിക്കു ബോധ്യപ്പെടുത്തിത്തന്നിട്ടുള്ളതാണ്. ഇത്തവണ താങ്കള്‍ സമക്ഷം സാംസ്‌കാരികവകുപ്പും അധിഷ്ഠിതമാണ്. അക്കാദമികള്‍ക്ക് അംഗങ്ങളെ ഉണ്ടാക്കലും കുറേ അവാര്‍ഡുകള്‍ വിതരണം ചെയ്ത് മേനിനടിക്കലുമല്ല സാംസ്‌കാരികവകുപ്പിന്റെ നിയോഗങ്ങളെന്ന് താങ്കള്‍ക്കറിയാം. നായനാര്‍ മന്ത്രിസഭയുടെ കീഴില്‍ സാംസ്‌കാരികവകുപ്പ് കൈയാളിയ സ: ടി കെ രാമകൃഷ്ണന്‍ അധികാരമേറ്റ് ആറുമാസത്തിനകം മുഴുവന്‍ സാംസ്‌കാരികപ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കേരളത്തിന് തനതായൊരു സാംസ്‌കാരിക അജണ്ട സൃഷ്ടിക്കുകയും പ്രസ്തുത അജണ്ട എകെജി സെന്ററില്‍ ഭാഗികമായി കബറടക്കം നടത്തുകയും ചെയ്തത് അന്നേ അങ്ങാടിപ്പാട്ടായിരുന്നു. പക്ഷേ, ചിന്ത രവിയും ഭരദ്വാജും പയ്യന്നൂരെ പി അപ്പുക്കുട്ടനും... ഒക്കെ അടങ്ങുന്ന കാഴ്ചപ്പാടുള്ള ഒരുസംഘം ഇടതുപക്ഷ അനുഭാവികള്‍ നല്ലനിലയില്‍ സാംസ്‌കാരികനിലയങ്ങള്‍ കൈകാര്യം ചെയ്യുകയും ചില പുതുപൊന്‍വെട്ടങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തില്‍ തിളങ്ങുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പ്രഥമ വാര്‍ത്താസമ്മേളനത്തില്‍ ചില അവതാരങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. സാംസ്‌കാരികരംഗം അടക്കിവാഴാന്‍ അവതാരങ്ങള്‍ ഇളകി തലസ്ഥാനത്ത് തമ്പടിച്ചുതുടങ്ങിയിട്ടുണ്ട്. പ്രിയപ്പെട്ട ബാലന്‍, വളരെ സൂക്ഷിക്കണം. കാരണം, അത്രയ്ക്കു മലീമസമാണ് കേരളത്തിന്റെ സാംസ്‌കാരികരംഗം. ആരെയും പേരെടുത്തുപറയാന്‍ തുനിയുന്നില്ല. കോഴിക്കോട്-തൃശൂര്‍-തിരുവനന്തപുരം കേന്ദ്രീകരിച്ച് മുഴുവന്‍ സാംസ്‌കാരികനായകരെയും കലാകാരന്‍മാരെയും എഴുത്തുകാരെയും പരിസ്ഥിതിപ്രവര്‍ത്തകരെയും (പൊതുജനാരോഗ്യ-പ്രകൃതിജീവന രാഷ്ട്രീയക്കാരെയും ഒഴിവാക്കണ്ട) വിളിച്ചുകൂട്ടി 2016-21ലേക്ക് സാംസ്‌കാരിക കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യണം. കേട്ടാല്‍ ആര്‍ക്കും 'ഗുഡ്' പറയാന്‍ പാകത്തിലൊരു നയരേഖ സൃഷ്ടിച്ച് പുതിയ സാംസ്‌കാരിക സ്ഥാപന മേധാവികളെ തിരഞ്ഞെടുക്കണം. അവര്‍ക്കും നല്‍കണം, നേരായ പ്രകടനപത്രിക. എല്ലാം ഭംഗിയാവും എന്നൊന്നും വിശ്വസിക്കാന്‍ ഞാനാളല്ല. താങ്കളുടെ ശ്രദ്ധയുണ്ടായാല്‍ കുറച്ചൊക്കെ നല്ലനിലയില്‍ വര്‍ത്തിക്കും. നാടകംകളിയും ശകലം നാടന്‍പാട്ടും സിനിമാ ഷൂട്ടിങും പ്രതിമയുണ്ടാക്കലുമല്ല സാംസ്‌കാരികനയം. ടൂറിസം തൊട്ട് കേരളത്തിലെ പുഴകളുടെ സംസ്‌കരണം വരെ നീളുന്ന കര്‍മപരിപാടികള്‍ക്ക് സാംസ്‌കാരികനായകര്‍ നേതൃത്വം നല്‍കട്ടെ. കേന്ദ്രത്തിന്റെ കീഴില്‍ ദൂരദര്‍ശനും ആകാശവാണിയും ഫാഷിസ്റ്റ് വാഴ്ചയിലാണിപ്പോള്‍. സാംസ്‌കാരികപ്രവര്‍ത്തകരുടെ സദുദ്ദേശ്യപരമായ കൂട്ടായ്മകള്‍ക്ക് ഫാഷിസ്റ്റ് വാഴ്ചകളെ തടയിടാനാവും. ഇങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ സാംസ്‌കാരികവകുപ്പിന്റെ ശ്രദ്ധയില്‍ വരട്ടെ. 'എല്ലാം ശരിയാവുന്ന' കൂട്ടത്തില്‍ ബുദ്ധിജീവികള്‍ക്കും കൂടുതല്‍ വെളിച്ചം വന്നുഭവിക്കട്ടെ; ആശംസകളോടെ, ഒപ്പ്.
Next Story

RELATED STORIES

Share it