Editorial

മന്ത്രിസ്ഥാനത്തിനു വേണ്ടി കടിപിടി

എന്താണ് കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍? ഒരിക്കലും അവ മന്ത്രിസ്ഥാനം കിട്ടാതിരിക്കുമ്പോള്‍ പൊട്ടിത്തെറിക്കലും പരാതിപറയലും കാലുവേദനയെന്നു പറഞ്ഞ് വിട്ടുനില്‍ക്കലുമല്ല. പണം വാങ്ങി പള്ളിക്കാരനെ സ്ഥാനാര്‍ഥിയാക്കുകയും പേയ്‌മെന്റ് സീറ്റ് എന്ന പേരുദോഷം കേള്‍പ്പിക്കുകയുമല്ല. സിപിഐ എന്ന ഒറിജിനല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടുത്തകാലത്ത് കേരളത്തില്‍ കൈക്കൊണ്ടുപോരുന്ന സംഘടനാപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുമായി പൊരുത്തപ്പെട്ടുപോവുന്നുണ്ട്? ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഒരു പരിധിവരെ സിപിഐ മികവുപുലര്‍ത്തി എന്നതു നേരുതന്നെ. ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും നല്ല പ്രാതിനിധ്യം നല്‍കി. മന്ത്രിമാരെ നിശ്ചയിച്ചപ്പോഴും പുതുമുഖങ്ങള്‍ക്കു തന്നെയാണു സ്ഥാനം നല്‍കിയത്. എന്നാല്‍, ഈ തീരുമാനത്തോട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ സി ദിവാകരനും മുല്ലക്കര രത്‌നാകരനും പ്രതികരിച്ചത് ഒരിക്കലും നല്ല കമ്മ്യൂണിസ്റ്റിന്റെ രീതിയിലല്ല. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമ്പോഴെല്ലാം തങ്ങളെത്തന്നെ വാഴിക്കണമെന്ന് വാശിപിടിക്കുന്നതില്‍ എന്തു മൂല്യവിചാരം, യുക്തി?
മന്ത്രിപദമോഹികളായ ഈ ഭൈമീകാമുകന്‍മാരുടെ അത്യാര്‍ത്തിയെ തല്‍ക്കാലത്തേക്ക് മറികടക്കാന്‍ സിപിഐക്ക് സാധിച്ചെന്നത് നേരുതന്നെ. എന്നാല്‍, ഇവരുടെയൊന്നും മനസ്സിലെ കയ്പ് അത്ര എളുപ്പത്തില്‍ ഇല്ലാതാവുമെന്നു കരുതാന്‍ വയ്യ. ഉചിതമായ സമയത്ത് ഈ സീനിയര്‍ നേതാക്കന്‍മാര്‍ പ്രതികരിക്കുമത്രെ. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് വിവാദത്തില്‍ ജനസമക്ഷം തുറന്നുകാട്ടപ്പെട്ട പാര്‍ട്ടി ജില്ലാ സെക്രട്ടറി ജനതാദളില്‍ ചേക്കേറിക്കൊണ്ടാണ് തന്റെ കലി ഒടുക്കിയത്. അങ്ങനെ വല്ലതുമാണ് ഉണ്ടാവുന്നതെങ്കിലോ! ഇടതുപക്ഷ ഐക്യം എന്ന ആശയം സാധിതമാക്കാന്‍വേണ്ടി യാതൊരു മനോകാലുഷ്യവുമില്ലാതെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച പി കെ വാസുദേവന്‍നായരുടെയും ഒരിക്കലോ മറ്റോ മല്‍സരിച്ചു ജയിച്ച് എന്നതൊഴിച്ചുനിര്‍ത്തിയാല്‍ പാര്‍ലമെന്ററി വ്യാമോഹങ്ങളിലൊന്നും പെടാതെ മാറിനിന്ന വെളിയം ഭാര്‍ഗവന്റെയും പാര്‍ട്ടിയിലാണ് ഈ കടിപിടി എന്നു സഖാക്കള്‍ ഓര്‍ക്കണം. സ്ഥാനമാനങ്ങള്‍ക്കപ്പുറത്താണ് പാര്‍ട്ടി എന്ന് അവര്‍ അറിയണം.
സിപിഐ മാത്രമല്ല, മുന്നണിയിലെ ഘടകകക്ഷികള്‍ ഒട്ടുമിക്കതും മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ആടിയുലയുകയാണെന്നതു വെറും കൗതുകമല്ല. രണ്ടംഗങ്ങളെ ജയിപ്പിച്ച എന്‍സിപി മന്ത്രിസ്ഥാനം പങ്കുവയ്ക്കുകയാണ്. മൂന്നുപേരെ ജയിപ്പിച്ച ജനതാദള്‍ എസില്‍ കടുത്ത മല്‍സരവും പ്രലോഭന-പ്രകോപനങ്ങളും നടക്കുന്നു. ഏകാംഗ പാര്‍ട്ടിയായ കോണ്‍ഗ്രസ് എസിന് മാത്രമേ ഇക്കാര്യത്തില്‍ വ്യാകുലത ഇല്ലാതുള്ളൂ. മന്ത്രിസ്ഥാനത്തിനുവേണ്ടി നടത്തുന്ന കടിപിടി വിളിച്ചോതുന്നത് രാഷ്ട്രീയം തെമ്മാടിയുടെ അവസാനത്തെ അഭയസ്ഥാനം മാത്രമല്ല, ആര്‍ത്തിപ്പണ്ടാരങ്ങളുടെ മേച്ചില്‍സ്ഥലം കൂടിയാണെന്നാണ്.
എല്‍ഡിഎഫ് വന്നു; പക്ഷേ, ഒന്നും ശരിയാവുകയില്ലെന്ന് ഉറപ്പായി. സ്ഥാനമോഹം തലയ്ക്കുപിടിച്ച ഇവര്‍ എന്ത്, എങ്ങനെ ശരിയാക്കാനാണ്?
Next Story

RELATED STORIES

Share it