മന്ത്രിസ്ഥാനം: എന്‍സിപിയില്‍ തര്‍ക്കം; തീരുമാനം ഇന്ന്

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ എന്‍സിപിക്ക് ലഭിച്ച മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം. എലത്തൂരില്‍നിന്ന് വീണ്ടും നിയമസഭയിലെത്തിയ എ കെ ശശീന്ദ്രനും കുട്ടനാട്ടില്‍നിന്ന് മൂന്നാംതവണയും വിജയിച്ച തോമസ് ചാണ്ടിയുമാണ് മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. മന്ത്രിസ്ഥാനം പങ്കിടാമെന്ന നിര്‍ദേശമാണ് പാര്‍ട്ടിയുടേത്. എന്നാല്‍, ആദ്യത്തെ രണ്ടരവര്‍ഷം ആരു മന്ത്രിയാവുമെന്ന കാര്യത്തിലും തര്‍ക്കം രൂക്ഷമായതോടെ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിടുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറുമായി ആശയവിനിമയം നടത്തിയശേഷം ഇന്നു തീരുമാനമറിയിക്കാമെന്ന് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. തുടര്‍ന്ന് എന്‍സിപി നേതാക്കള്‍ എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനം സംബന്ധിച്ച് തര്‍ക്കമില്ലെന്നും മന്ത്രിസ്ഥാനം പങ്കിടുമെന്നത് ഊഹാപോഹം മാത്രമാണെന്നും പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രിപ്രഖ്യാപനം ഇന്നുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടനാട്, പാല, എലത്തൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളിലാണ് എന്‍സിപി മല്‍സരിച്ചത്. കെ എം മാണിക്കെതിരേ പാലായില്‍ അങ്കത്തിനിറങ്ങിയ മാണി സി കാപ്പനും കോട്ടക്കലില്‍ ജനവിധി തേടിയ എന്‍ എ മുഹമ്മദ് കുട്ടിയും പരാജയപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it