Flash News

മന്ത്രിസഭ അഴിച്ചുപണിതേക്കും ; ഇ പി ജയരാജന്‍ തിരിച്ചെത്തുമെന്നു സൂചന



ടോമി  മാത്യു

കൊച്ചി: ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയി ല്‍ ഉടനെ അഴിച്ചുപണിയുണ്ടായേക്കുമെന്ന് സൂചന. ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്കു മടങ്ങിയെത്തിയേക്കും. ഇതുസംബന്ധിച്ച് 5നു ചേരുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നും അറിയുന്നു. ജയരാജനെതിരേയുള്ള കേസ് അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് ചര്‍ച്ചയാവുന്നത്. ജയരാജന്‍ മടങ്ങിയെത്തുമ്പോള്‍ പകരം ആരു സ്ഥാനമൊഴിയുമെന്നതു സംബന്ധിച്ചാണ് ചര്‍ച്ച പുരോഗമിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന്‍ രാജിവച്ചപ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വ്യവസായവകുപ്പ് എ സി മൊയ്തീനെയാണ് മുഖ്യമന്ത്രി ഏല്‍പിച്ചത്. മൊയ്തീന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പ് കടകംപള്ളി സുരേന്ദ്രനും സുരേന്ദ്രന്റെ വൈദ്യുതി വകുപ്പ് എം എം മണിക്കുമാണ് നല്‍കിയത്. ബന്ധുവായ പി കെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ജയരാജന് രാജിവയ്‌ക്കേണ്ടിവന്നത്. നിയമനം വിവാദമായതിനു പിന്നാലെ  ഉത്തരവ് റദ്ദുചെയ്തുവെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ ജയരാജനെതിരേ ത്വരിതാന്വേഷണം നടത്താ ന്‍ കോടതി ഉത്തരവിട്ടതോടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്. കേസ് അനാവശ്യമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജയരാജനും സുധീറും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസുമായി ബന്ധപ്പെട്ട് രണ്ടു റിപോര്‍ട്ടുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സാമ്പത്തികമായോ അല്ലാതെയോ എന്തു നേട്ടമാണ് ജയരാജന്‍ അടക്കമുള്ള പ്രതികള്‍ ഉണ്ടാക്കിയതെന്നു വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണ പത്രിക സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇ പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ സാമ്പത്തികമായോ അല്ലാതെയോ നേട്ടമുണ്ടാക്കിയിട്ടില്ലെന്നു വ്യക്തമാക്കി വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് ഇവര്‍ക്കെതിരേ നിലനില്‍ക്കാനിടയില്ലെന്നും നിയമനം റദ്ദാക്കി സര്‍ക്കാര്‍ തന്നെ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ്. വിധി അനുകൂലമായാല്‍ ജയരാജനു മന്ത്രിസ്ഥാനം തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജയരാജനെ വീണ്ടും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിക്കു മേല്‍ സമ്മര്‍ദമുള്ളതായും പറയുന്നു. നിലവില്‍ 19 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ഇതില്‍ മുഖ്യമന്ത്രി അടക്കം 12 പേരാണ് സിപിഎം മന്ത്രിമാര്‍. സിപിഐ-4, എന്‍സിപി, കോണ്‍ഗ്രസ്-എസ്, ജനതാദള്‍ എന്നിവര്‍ക്ക് ഒാരോന്നു വീതം എന്നിങ്ങനെയാണ് മറ്റു ഘടകകക്ഷികള്‍ക്ക്. നിലവിലെ സാഹചര്യത്തില്‍ ജയരാജനെ മന്ത്രിയാക്കണമെങ്കില്‍ സിപിഎമ്മിലെ തന്നെ ആരെയെങ്കിലും ഒഴിവാക്കണം. അങ്ങനെ വന്നാല്‍ ജയരാജനു പകരം മന്ത്രിസഭയില്‍ എത്തിയ എം എം മണിയെ ഒഴിവാക്കേണ്ടിവരും. എന്നാല്‍ അതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവുമോയെന്നതാണ് പ്രശ്‌നം. മന്ത്രിയാകുന്നതിനു മുമ്പും ശേഷവും വിവാദപരമായ പ്രസംഗങ്ങള്‍ നടത്തി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയതില്‍ എം എം മണിക്കെതിരേ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനു കടുത്ത എതിര്‍പ്പുണ്ട്. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പാര്‍ട്ടിയുടെ മന്ത്രിമാരുടെ പ്രവര്‍ത്തനം പിബിയും കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയ ശേഷമായിരിക്കും ആരെ ഒഴിവാക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്നും സൂചനയുണ്ട്. ആരെയും ഒഴിവാക്കാതെ തന്നെ മന്ത്രിമാരുടെ എണ്ണം 20 ആക്കി ഉയര്‍ത്തി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it