Alappuzha local

മന്ത്രിസഭാ വാര്‍ഷികാഘോഷം: ജനകീയ ഉല്‍സവങ്ങളൊരുക്കും

ആലപ്പുഴ: ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ജില്ലയില്‍ ജനകീയ ഉത്സവമാക്കി മാറ്റാന്‍ തീരുമാനമായി. എല്ലാവിധ ക്ഷേമപെന്‍ഷനുകളും വിഷുവിനകം വിതരണം ചെയ്യാന്‍ വകുപ്പുകള്‍ നടപടി എടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍ദ്ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യമന്ത്രി പി തിലോത്തമന്‍, എംഎല്‍എമാരായ എ എം ആരിഫ്, ആര്‍ രാജേഷ്, പ്രതിഭഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ കളക്ടര്‍ ടി വി അനുപമ, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ പൂര്‍ത്തീകരിക്കപ്പെട്ട രണ്ടായിരത്തോളം പദ്ധതികളുടെ സമര്‍പ്പണവും നിര്‍മാണോദ്ഘാടനങ്ങളും ഈ കാലയളവില്‍ സംഘടിപ്പിക്കും.
കേരള വികസനത്തിന് പുതിയ പരിപ്രേക്ഷ്യം നല്‍കിയ നവകേരള മിഷനിലെ നാലു മിഷനുകളിലും   ഊന്നിയുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17 മുതല്‍ 24 വരെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പ്രദര്‍ശന-വിപണന-ഭക്ഷ്യമേള സംഘടിപ്പിക്കും. ആലപ്പുഴ ജില്ലയുടെ വികസനത്തില്‍ നാഴികകല്ലാകുന്ന     ഒട്ടേറെ പരിപാടികള്‍ക്ക് ഇക്കാലയളവില്‍ തുടക്കം കുറിക്കും. വിശപ്പുരഹിത ആലപ്പുഴ പദ്ധതിയുടെ ഉദ്ഘാടനം, ആലപ്പുഴ മൊബിലിറ്റിഹബ് വിശദമായ രൂപരേഖയുടെ പ്രകാശനം പൂര്‍ത്തിയായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ അധുനിക ശ്മശാനം, പുതിയ ബ്ലോക്ക് നിര്‍മാണം തുടങ്ങിയവ ഈ കാലയളവില്‍ ഉദ്ഘാടനം ചെയ്യും. ഹോമിയോ ആശുപത്രിയുടെ പുതിയ ബ്ലോക്ക്, ചേര്‍ത്തലയിലെ മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയിലെ ജീവിത ശൈലീ രോഗ നിയന്ത്രണ വിഭാഗം, കാവാലം മൃഗാശുപത്രി, ആലപ്പുഴ എബിസി കേന്ദ്രം,  അമ്പലപ്പുഴ മൃഗാശുപത്രി തറക്കല്ലിടല്‍ തുടങ്ങിയവയ്ക്ക് ഈ മാസം തുടക്കമാകും. ഫിഷറീസ് വകുപ്പ് ഭവന നിര്‍മാണ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടത്തും.
Next Story

RELATED STORIES

Share it