kozhikode local

മന്ത്രിസഭാ വാര്‍ഷികാഘോഷം ഇന്ന്‌ ; വിവിധ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും



കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി ഇന്ന് ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രിയും വിവിവധ വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യൂതീകരിക്കപ്പെട്ടതിന്റെ പ്രഖ്യാപനം, കോഴിക്കോട്ടെ ഗവ. സൈബര്‍ പാര്‍ക്കിലെ പ്രഥമ ഐടി കെട്ടിടമായ സഹ്യയുടെ ഉദ്ഘാടനം, 44 സ്‌കൂളുകളില്‍ സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കുന്ന ജില്ലാ പഞ്ചയാത്ത് പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കല്‍, തലക്കളത്തൂര്‍ തൂണുമണ്ണില്‍ സ്ഥാപിച്ച 650 കിലോവാട്ട് സൗരോര്‍ജ്ജ നിലയത്തിന്റെ ഉദ്ഘാടനം എന്നിവയാണ് ആഘോഷ പൊലിമയോടെ നടക്കുക.സംസ്ഥാനത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം കേരളം സാക്ഷാത്കരിച്ചതിന്റെ പ്രഖ്യാപനം വൈകീട്ട് 3.30ന് കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമ്പൂര്‍ണ്ണ വൈദ്യൂതീകരണം നടക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി, വൈദ്യുതി എത്താതിരുന്ന ഒന്നര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിനായി 174 കോടി രൂപ മുതല്‍ മുടക്കി വൈദ്യുതി ലൈനുകളും അനുബന്ധ അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലികള്‍ കെഎസ്ഇബി പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട്, പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, കെഎസ്ഇബിയുടെ തനത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് സമ്പൂര്‍ണ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. വീടുകളുടെ വയറിംഗ് പൂര്‍ത്തീകരിക്കുന്നതിന് വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, കെഎസ്ഇബി ജീവനക്കാര്‍, ട്രേഡ് യൂനിയനുകള്‍ എന്നിവ സഹകരിച്ചു.ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വൈദ്യുതി സുരക്ഷാ കാമ്പയിന്‍ പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇ-ലെറ്റര്‍ പ്രഖ്യാപനം നിര്‍വഹിക്കും.പട്ടിക ജാതി, പട്ടികവര്‍ഗ നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ ഡോ. എം കെ മുനീര്‍, കെ എം മാണി, അനൂപ് ജേക്കബ്, ഒ രാജഗോപാല്‍, ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് എംഡി ഡോ. കെ ഇളങ്കോവന്‍, സേഫ്റ്റി ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഡയറ്ക്ടര്‍ എന്‍ വണുഗോപാല്‍ എന്നിവര്‍ സംസാരിക്കും.കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ.ടി. കെട്ടിടമായ “സഹ്യ’ വൈകീട്ട് 4.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തലക്കുളത്തൂര്‍ തൂണുമണ്ണില്‍ കെഎസ്ഇബി സ്ഥാപിച്ച 650 കിലോവാട്ടിന്റെ സൗരോര്‍ജ്ജ നിലയം രാവിലെ 10 ന് വൈദ്യൂതി മന്ത്രി എം എം മണി നാടിന് സമര്‍പ്പിക്കും. എ കെ ശശീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ എം കെ രാഘവന്‍ എംപി മുഖ്യാതിഥിയാവും. കെഎസ്ഇബി ഡയറക്ടര്‍ വി ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു വി ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.ജില്ലയിലെ 44 സ്‌കൂളൂകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ മാതൃകാപദ്ധതിയുടെ ധാരണപത്രം ഒപ്പുവെക്കാന്‍ രാവിലെ 11ന്  സിവില്‍ സ്റ്റേഷനിലെ എന്‍ജിനിയേഴ്‌സ് ഹാളിലാണ് നടക്കുക. മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മൂന്നരകോടി ചെലവില്‍ 5,80,000 യൂണിറ്റ്  വൈദ്യൂതിയുടെ വാര്‍ഷിക ഉല്‍പാദനമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ആര്‍ സുകുവും ജില്ലാ പഞ്ചായത്ത് അധികൃതരും ചടങ്ങില്‍ ധാരണാ പത്രം കൈമാറും. 480 കിലോവാട്ട് സംഭരണ ശേഷിയുളള സോളാര്‍ പാനലുകള്‍ വിദ്യാലയങ്ങളില്‍ സ്ഥാപിച്ച് വൈദ്യൂതോത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം.
Next Story

RELATED STORIES

Share it