kozhikode local

മന്ത്രിസഭാ രണ്ടാം വാര്‍ഷികം; ജില്ലാതല പരിപാടികള്‍ക്ക് ഇന്നുതുടക്കം

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ  ജില്ലാതല പരിപാടികള്‍ ഇന്ന് തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ്‌വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നു മുതല്‍ 16 വരെ വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ബീച്ചില്‍ നടക്കുന്ന ഉല്‍പന്ന പ്രദര്‍ശന വിപണന, ഭക്ഷ്യമേള- കോഴിക്കോട് ഫെസ്റ്റ്- ആഘോഷ പരിപാടികളുടെ മാറ്റുകുട്ടും.
ഇന്ന്് മൂന്നിന് സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പോലിസ് എക്‌സൈസ് ഫയര്‍ ആന്റ് റെസ്‌ക്യു ഫോഴ്‌സ്, കുടുംബശ്രീ, കോളേജ് വിദ്യാര്‍ഥികള്‍, ഹരിതകര്‍മസേന, ശുചിത്വസേന, മത്സ്യത്തൊഴിലാളി വനിതകള്‍ തുടങ്ങിയവര്‍ അണിനിരക്കും.
പതിനഞ്ചോളം സര്‍ക്കാര്‍ വകുപ്പുകള്‍ ഘോഷയാത്രയില്‍ ദൃശ്യമൊരുക്കും. മുത്തുക്കുട, ബാന്റ് വാദ്യസംഘം, കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രക്ക് പ്രൗഡിയേകും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ഫെസ്റ്റ് തൊഴില്‍  മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പട്ടയ വിതരണവും മന്ത്രി നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ വിതരണം ഗതാഗത  മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.
തുടര്‍ന്ന് വൈകിട്ട് 6.30 ന് റാഫി -മുകേഷ് മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. 11 മുതല്‍ 15 വരെ എക്‌സിബിഷനു പുറമേ  നഗരകാര്യം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, പേരാമ്പ്ര വികസന മാതൃക എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. കലാമണ്ഡലം, കേരള ഫോക്‌ലോര്‍ അക്കാദമി, കേരള മാപ്പിള കലാ അക്കാദമി, സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും.
സമാപന ദിവസമായ മേയ് 16ന് ്പ്രശസ്ത കവി പ്രഭാവര്‍മ രചിച്ച ആറു ഗാനങ്ങള്‍ ഉള്‍പ്പെടുത്തി നവകേരളം ഡെമോക്രാറ്റിക് മ്യൂസിക് ബാന്‍ഡ് അരങ്ങേറും. ബീച്ചില്‍ കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണനത്തിന് 20 സ്റ്റാളുകളും കോഴിക്കോടിന്റെ തനത് രുചികളുമായി ഭക്ഷ്യമേളയും സംഘടിപ്പിക്കും. ഇവിടെ ഐ ടി മിഷന്റെ നേതൃത്വത്തില്‍ ആധാര്‍ ഉള്‍പ്പടെ വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍  നല്‍കുന്നതിന് വിപുലമായ സ്റ്റാള്‍ സജ്ജീകരിക്കും. ഭാരതീയ ചികിത്സാ വകുപ്പ്  മെഗാ മെഡിക്കല്‍ ക്യാംപ് നടത്തും.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജനറല്‍ കണ്‍വീനറും ജനപ്രതിനിധികള്‍ രക്ഷാധികാരികളുമായ സംഘാടക സമിതിയാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മേളയില്‍ പ്രവേശനം സൗജന്യമായിരിക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി,  സബ് കലക്ടര്‍ വി  വിഘ്‌നേശ്വരി, കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍ കുട്ടി, ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it