മന്ത്രിസഭാ യോഗം മുടങ്ങിയ സംഭവം; വിശദീകരണവുമായി മന്ത്രിമാര്‍

തിരുവനന്തപുരം: ക്വാറം തികയാത്തതിനെ തുടര്‍ന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരാനാവാത്ത സംഭവത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി. നേരത്തേ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രിസഭാ യോഗം ഒഴിവാക്കിയതെന്നാണ് മുഖ്യമന്ത്രിയോടും മന്ത്രിമാര്‍ ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗം ഒഴിവാക്കി ഇനി സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കേണ്ടെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തതിനാലാണ് സിപിഐയുടെ നാലു മന്ത്രിമാരും യോഗത്തിന് എത്താതിരുന്നത്. 19 അംഗ മന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല. ക്വാറം തികയാത്തതിനാല്‍ പ്രത്യേക മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതിനു നാളെ വീണ്ടും മന്ത്രിസഭ ചേരാനാണ് തീരുമാനം. കെ ടി ജലീല്‍, എ സി മൊയ്തീന്‍,  ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ കെ ശൈലജ എന്നീ സിപിഎം മന്ത്രിമാരും ഘടകകക്ഷി മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ശശീന്ദ്രന്‍ എന്നിവരും എത്തിയില്ല. ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിനു വേണ്ടിയാണ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തത്.
Next Story

RELATED STORIES

Share it