മന്ത്രിസഭാ പുനസ്സംഘടന; കര്‍ണാടക കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

ബംഗളുരു: മന്ത്രിസഭ പുനസ്സംഘടനയെത്തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. പുനസ്സംഘടനയില്‍ ഒഴിവാക്കിയ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. മോശം പ്രവര്‍ത്തനം കാഴ്ചവച്ചവരും വിവാദത്തില്‍പ്പെട്ടവരുമായ മന്ത്രിമാരെയാണ് പുറത്താക്കിയതെന്നാണ് പുനസ്സംഘടന സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്.
വി ശ്രീനിവാസ പ്രസാദ്, ഖമറുല്‍ ഇസ്‌ലാം, ഷമാനൂര്‍ ശിവശങ്കരപ്പ, എം എച്ച് അംബരീഷ്, വിനയ് കുമാര്‍ സൊറാകെ, സതീഷ് ജര്‍കിഹോളി, ബാബുറാവു ചിന്‍ചാന്‍സുര്‍, ശിവരാജ് സങ്കപ്പ തങ്കദാഗി, എസ് ആര്‍ പാട്ടീല്‍, മനോഹര്‍ തഹസില്‍ദാര്‍, അഭയ ചന്ദ്ര ജെയ്ന്‍, ദിനേശ് ഗുണ്ഡുറാവു, കിമ്മനെ രത്‌നാകര്‍, പി ടി പരമേശ്വര്‍ നായിക് എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്നു ഒഴിവാക്കിയത്. പുതുതായി ഉള്‍പ്പെടുത്തിയ 13 മന്ത്രിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുനസ്സംഘടനയെത്തുടര്‍ന്ന് മന്ത്രിസഭയുടെ അംഗബലം 33 ആയി.
മന്ത്രിസഭയില്‍നിന്നു പുറത്താക്കിയതിനെത്തുടര്‍ന്ന് മുന്‍ ചലച്ചിത്ര താരം കൂടിയായ അംബരീഷ് എംഎല്‍എ സ്ഥാനം രാജിവച്ചു. അംബരീഷിന്റെ അനുയായികള്‍ മാണ്ഡ്യ ജില്ലയില്‍ ബംഗളുരു-മൈസൂരു ഹൈവേ തടഞ്ഞു. മുഖ്യമന്ത്രി തന്നെ ഇരുട്ടിലടച്ചിരിക്കുകയാണെന്ന് ശ്രീനിവാസ പ്രസാദ് പ്രതികരിച്ചു.പുനസ്സംഘടനയില്‍ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിജയനഗര്‍ എംഎല്‍എ കെ കൃഷ്ണപ്പയെ പിന്തുണയ്ക്കുന്നവര്‍ ബംഗളൂരിനു സമീപം ദേശീയപാത തടഞ്ഞത് നഗരത്തിലേക്കുള്ള ഗതാഗതത്തെ ബാധിച്ചു. എംഎല്‍എ രാജശേഖര്‍ പാട്ടീലിന്റെ നേതൃത്വത്തില്‍ ബിദര്‍ ജില്ലയിലെ ഹുംനാബാദില്‍ ഇന്നലെ ബന്ദ് പ്രഖ്യാപിച്ചിരുന്നു. മന്ത്രിസ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷിച്ച മല്ലികയ്യ ഗുട്ടേദര്‍, ശിവശങ്കര റെഡ്ഡി എന്നിവരെ അനുകൂലിക്കുന്നവര്‍ കലബുറഗി, ഗൗരി ബിദാനൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തി. കലബുറഗിയിലെ സദഭാഗിയില്‍ പ്രതിഷേധക്കാര്‍ ബസ് അഗ്നിക്കിരയാക്കി.
അതിനിടെ മന്ത്രിസഭയില്‍ നിന്നു ഒഴിവാക്കിയ ദിനേശ് ഗുണ്ടുറാവുവിനെ കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി അറിയിച്ചു.
Next Story

RELATED STORIES

Share it