മന്ത്രിസഭാ തീരുമാനങ്ങള്‍ മാഫിയക്കുവേണ്ടി: കോടിയേരി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള രണ്ട് ആഴ്ചകളില്‍ മന്ത്രിസഭ കൈക്കൊണ്ട 822 തീരുമാനങ്ങളില്‍ സിംഹഭാഗവും ഭൂമി, മണല്‍മാഫിയക്ക് വേണ്ടിയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നെല്‍വയല്‍ നികത്തലടക്കമുള്ള മന്ത്രിസഭാ തീരുമാനങ്ങള്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പുനപ്പരിശോധിക്കുമെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കേരളത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയ കാര്യത്തില്‍ മികവുറ്റ പ്രകടനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാഴ്ചവച്ചത്. മെത്രാന്‍ കായല്‍, കടമക്കുടി പാടം, വൈക്കം ചെമ്പ് പഞ്ചായത്തിലെ അറാതുകരി പാടം എന്നിവ നികത്താന്‍ അനുമതി നല്‍കിയതിനു പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നു കോടിയേരി ആരോപിച്ചു.
അഞ്ച് വര്‍ഷമായി മന്ത്രിസഭയുടെ മുന്നില്‍ വന്ന പ്രശ്‌നങ്ങളില്‍ സ്ഥാനമൊഴിയാന്‍ പോവുംമുമ്പ് അടിയന്തര തീരുമാനം കൈക്കൊണ്ടത് മാഫിയകളുമായുള്ള കരാര്‍ നടപ്പാക്കാനാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരുമാസംകൂടി തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അവശേഷിക്കുന്ന സര്‍ക്കാര്‍ ഭൂമികൂടി സ്വകാര്യ മേഖലയ്ക്ക് കൈമാറുമായിരുന്നുവെന്നും കോടിയേരി ആരോപിച്ചു.
ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടമാണ് യുഡിഎഫ് ഭരണകാലത്ത് നികത്തിയത്. പരിസ്ഥിതിക്ക് ആപത്തുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പണത്തോട് മാത്രമാണ് പ്രതിബദ്ധതയെന്നും കോടിയേരി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it