മന്ത്രിയെയും മുന്‍ മേയറെയും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒളിച്ചു മാറി നടക്കുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാവകാശം വേണമെന്നു കോടതിയില്‍ മ്യൂസിയം പോലിസിന്റെ റിപോര്‍ട്ട്. ഒന്നര വര്‍ഷമായി അനവധി തവണ വാറന്റ് ഉത്തരവ് നല്‍കിയിട്ടും മ്യൂസിയം പോലിസ്, പ്രതികളായ മന്ത്രിയെയും തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ മേയര്‍ സി ജയന്‍ ബാബുവിനെയും അറസ്റ്റ് ചെയ്യാത്തതിനാല്‍ ഇരുവരെയും തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. ഇരുവരുടെയും സ്ഥാവരജംഗമ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്കും കോടതി നിര്‍ദേശം നല്‍കി.
തുടര്‍ന്നു സാമാജികര്‍ പ്രതികളായ ക്രിമിനല്‍ക്കേസുകള്‍ വിചാരണ ചെയ്യാനായി സുപ്രിംകോടതി നിര്‍ദേശ പ്രകാരം ഹൈക്കോടതി രൂപീകരിച്ച എറണാകുളം സ്‌പെഷ്യല്‍ കോടതിയിലേക്ക് കേസ് മാറ്റി. മജിസ്ട്രേറ്റ് ടി മഞ്ജിത്താണ് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി മുഴുവന്‍ കേസ് രേഖകളും സ്‌പെഷ്യല്‍ കോടതിക്കയച്ചത്. ഇനി കേസ് വിചാരണ എറണാകുളം സ്‌പെഷ്യല്‍ കോടതിയില്‍ നടക്കും. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മ്യൂസിയം ജങ്ഷന് മുന്നിലുള്ള പബ്ലിക് റോഡില്‍ നേതാക്കളുടെ നേതൃത്വത്തില്‍ ന്യായവിരോധമായി സംഘം ചേ ര്‍ന്നു കാല്‍നടയാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് ജനങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്ത സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി. കൂടാതെ നിയമവിരുദ്ധമായ ജനക്കൂട്ടം പിരിഞ്ഞു പോവണമെന്ന പോലിസിന്റെ ന്യായമായ ആജ്ഞയെ ധിക്കരിച്ച് വഴിതടയല്‍ തുടര്‍ന്നെന്നുമാണ് കേസ്. 2015 മാര്‍ച്ച് 25നാണു മ്യൂസിയം പോലിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it