മന്ത്രിയുടെ കുടുംബത്തിനെതിരേ ആരോപണവുമായി മുന്‍ ജീവനക്കാരി

തിരുവനന്തപുരം: ജലവിഭവമന്ത്രി മാത്യു ടി തോമസിന്റെ കുടുംബത്തിനെതിരേ ആരോപണവുമായി മുന്‍ ജീവനക്കാരി. നൂറനാട് സ്വദേശിനി ഉഷ സുരേന്ദ്രനാണ് മന്ത്രിയുടെ ഭാര്യ, ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കെതിരേ രംഗത്തുവന്നത്. തനിക്കെതിരേ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇക്കാര്യം പറയാന്‍ പല തവണ മാത്യു ടി തോമസിനെ കാണാന്‍ ശ്രമിച്ചെങ്കിലും മന്ത്രി കാണാന്‍ കൂട്ടാക്കിയില്ല.
മന്ത്രിയുടെ ഭാര്യ മരുമകന്റ ഷൂസ് തുടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ വിസമ്മതിച്ചിരുന്നു. ഇതിനു ശേഷമാണ് തന്നോടുള്ള പകപോക്കല്‍ തുടങ്ങിയത്. മൂന്നു മാസം മുമ്പ് തന്റെ മേല്‍ ഒരു ലക്ഷം രൂപ മോഷണക്കുറ്റം ആരോപിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതിനു പുറമേ മറ്റൊരു ജീവനക്കാരിയില്‍ നിന്ന് 25,000 രൂപ കടവും വാങ്ങിയിരുന്നു. ഇവ രണ്ടും തീര്‍പ്പാക്കണമെന്നു കാണിച്ച് പോലിസ് രണ്ടു പ്രാവശ്യം വിളിപ്പിച്ചു.
മന്ത്രിയുടെ ഡ്രൈവര്‍ മൊബൈലില്‍ വിളിച്ച് ആക്ഷേപിക്കുകയും മക്കളെയും കുടുംബത്തെയും ഉപദ്രവിക്കുമെന്നും ഭീഷണി മുഴക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം വച്ച് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി എം വി ജയരാജന് പരാതി നല്‍കി. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് ഉഷയും ഭര്‍ത്താവ് സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it