മന്ത്രിമാര്‍ മുങ്ങി; അസം നിയമസഭ നിര്‍ത്തി

ഗുവാഹത്തി: മന്ത്രിമാര്‍ ഹാജരാവാത്തതിനാല്‍ അസം നിയമസഭ ചേര്‍ന്ന ഉടന്‍ നിര്‍ത്തി. അസം നിയമസഭയുടെ ചരിത്രത്തില്‍ നാണംകെട്ട സംഭവമാണിതെന്ന് പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സും എഐയുഡിഎഫും കുറ്റപ്പെടുത്തി. മന്ത്രിമാര്‍ ഹാജരില്ലാത്ത സംഭവം ഇതിനു മുമ്പ് സഭയില്‍ ഉണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു.ഉച്ചഭക്ഷണത്തിനു ശേഷം വെള്ളിയാഴ്ച മൂന്നു മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ മന്ത്രിമാര്‍ ആരും ഉണ്ടായിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ്കുമാര്‍ പോള്‍ ആയിരുന്നു സഭാ അധ്യക്ഷന്റെ കസേരയില്‍. അടുത്തതവണ സഭ ചേരുമ്പോള്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതെ നോക്കണമെന്ന് അദ്ദേഹം അംഗങ്ങളോട് പറഞ്ഞു. തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.സഭ ചേരുമ്പോള്‍ ക്വാറം തികഞ്ഞിരുന്നുമില്ല. 126 എംഎല്‍എമാരില്‍ 21 പേര്‍ ഹാജരായാല്‍ മാത്രമേ ക്വാറം തികയൂ. ഏഴു മിനിറ്റോളം സഭയിലെ മണി മുഴങ്ങിയതിനെതുടര്‍ന്ന് കുറേ അംഗങ്ങള്‍ കൂടിയെത്തി. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നടപടികളിലേക്കു കടന്നപ്പോള്‍ സഭയില്‍ മന്ത്രിമാരാരുമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.10 മിനിറ്റ് കാത്തിരുന്നിട്ടും മന്ത്രിമാരാരും എത്താത്തതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സഭ നിര്‍ത്തി.
Next Story

RELATED STORIES

Share it