മന്ത്രിമാര്‍ കടപ്പുറത്തേക്കു വരരുത്; മേഴ്‌സിക്കുട്ടിയമ്മ

ഞങ്ങളെ കാണേണ്ട എച്ച്   സുധീര്‍തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍ തകര്‍ന്നടിഞ്ഞ തീരപ്രദേശങ്ങളില്‍ പ്രതിഷേധത്തിന്റെ തിര അടങ്ങുന്നില്ല. ജീവിതത്തിനൊപ്പം പ്രതീക്ഷകളും നഷ്ടമായതോടെ തീരപ്രദേശത്ത് അലയടിക്കുന്നതു കണ്ണീരില്‍ കുതിര്‍ന്ന വിലാപങ്ങളാണ്.'കൈകളിലിട്ടു വളര്‍ത്തിയ മക്കളെയാണു ഞങ്ങള്‍ക്കു നഷ്ടമായത്... മന്ത്രിമാര്‍ കടപ്പുറത്തേക്കു വരരുത്... മേഴ്‌സിക്കുട്ടിയമ്മ ഞങ്ങളെ കാണേണ്ട...' ഇന്നലെ പൂന്തുറ കടപ്പുറത്തു തടിച്ചുകൂടിയ പ്രദേശവാസികള്‍ ഭരണകൂടത്തോടു വിളിച്ചുപറഞ്ഞത് ഇതാണ്. ഇന്നലെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ദുരിത മേഖലയില്‍ സന്ദര്‍ശനം നടത്തിയെങ്കിലും പ്രദേശവാസികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഭരണാ ധികാരികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെ സംസ്ഥാന മന്ത്രിമാര്‍ക്കു നേരെയും പ്രതിഷേധവുമായെത്തി. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനൊപ്പം പൂന്തുറയിലെ ദുരിതബാധിത മേഖലയിലെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരേയാണു പ്രദേശവാസികള്‍ തിരിഞ്ഞത്. മന്ത്രിമാരെ പ്രവേശിപ്പിക്കില്ലെന്നും ഉടന്‍ മടങ്ങണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ദുരന്തമുണ്ടായി ആദ്യത്തെ മൂന്നുദിവസം ആരുമൊന്നും ചെയ്തില്ല. ഒരു ഏകോപനവും നടന്നില്ലെന്നും ഉറ്റവരെ തിരയാന്‍ ഞങ്ങള്‍ മാത്രമാണിവിടെ ഉണ്ടായിരുന്നതെന്നും പ്രദേശവാസികള്‍ രോഷത്തോടെ പറഞ്ഞു. ഇതോടെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ സംസാരിക്കാന്‍ തുടങ്ങിയെങ്കിലും ബഹളത്തിന് അയവുണ്ടായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായെന്നും അധികൃതര്‍ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്തിയില്ലെന്നും ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം. തുടര്‍ന്ന്, അവര്‍ തുടര്‍ച്ചയായി അഭ്യര്‍ഥിച്ചതോടെ തടിച്ചുകൂടിയ ജനങ്ങള്‍ നിശ്ശബ്ദരായി. കൈകൂപ്പിക്കൊണ്ട് തമിഴിലായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന. 'നിങ്ങളുടെ മനസ്സിലുള്ള സങ്കടവും ദേഷ്യവുമെല്ലാം എനിക്കു മനസ്സിലാവും. പക്ഷേ നിങ്ങളോടു ഞാന്‍ കൈകൂപ്പി പറയുകയാണ്. ദയവായി നിങ്ങള്‍ ആരും ദേഷ്യപ്പെടുകയോ, പൊട്ടിത്തെറിക്കുകയോ ചെയ്യരുത്.' പ്രതിരോധമന്ത്രി പറഞ്ഞു. തുടര്‍ന്ന് 15 മിനിറ്റോളം അവര്‍ ജനങ്ങളോട് സംസാരിച്ചു. ഞങ്ങള്‍ നിങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നു പറയരുത്. ഇപ്പോഴും ഈ നിമിഷവും ജാഗ്രതയോടെ പുറംകടലില്‍ നമ്മുടെ ആളുകള്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇവിടെ ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാരുണ്ട്. അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാനും ഡല്‍ഹിയില്‍ നിന്നു വന്നിട്ടുണ്ട്. നിങ്ങള്‍ നിര്‍ത്താന്‍ പറയും വരെ രക്ഷാപ്രവര്‍ത്തനം തുടരും. 30ന് രാത്രി മുതല്‍ എത്ര കപ്പല്‍ എവിടെയൊക്കെ തിരച്ചില്‍ നടത്തി, ഏതൊക്കെ പാതയിലൂടെ കപ്പലുകള്‍ പോയി, എത്ര പേരെ രക്ഷപ്പെടുത്തി, അത് ഏതൊക്കെ നാട്ടുകാരാണ് എന്നീ വിവരങ്ങളൊക്കെ എന്റെ കൈയിലുണ്ട്. വേണമെങ്കില്‍ നിങ്ങളുടെ നമ്പര്‍ തരൂ. ഞാന്‍ വാട്‌സ് ആപ്പില്‍ അയച്ചുതരാം- കേന്ദ്രമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it