Flash News

മന്ത്രിമാര്‍ക്ക് പൂജ്യം മാര്‍ക്ക്, പിന്നെന്തിന് മുഖ്യമന്ത്രി കഷ്ടപ്പെടുന്നു : ചെന്നിത്തല



തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് പൂജ്യം മാര്‍ക്കാണ്, പിന്നെ എന്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍ക്ക് മാര്‍ക്കിട്ട് കഷ്ടപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും മോശപ്പെട്ട ഒരു മന്ത്രിസഭയെ അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഒന്നര വര്‍ഷംകൊണ്ടു തന്നെ പൂര്‍ണ പരാജയമാണെന്നു തെളിയിച്ച സര്‍ക്കാരാണിത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നു. സര്‍ക്കാരോ ബന്ധപ്പെട്ട മന്ത്രിയോ പക്ഷേ, അത് അറിഞ്ഞിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുതിച്ചു പാഞ്ഞിരുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുന്നു. നാട് നീളെ അക്രമവും ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടവും പിടിച്ചുപറിയും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളുമാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ പോലും പിച്ചിച്ചീന്തപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സാരിയുടുത്ത് രാത്രിയില്‍ വെളിയിലിറങ്ങി നോക്കിയാല്‍ ഇവിടുത്തെ സ്ത്രീ സുരക്ഷ എന്താണെന്നു മനസ്സിലാവും എന്നു പറഞ്ഞ ഗൗരിയമ്മയുടെ വാക്കുകള്‍ മുഖ്യമന്ത്രി മറന്നിട്ടില്ലല്ലോയെന്നും ചെന്നിത്തല ചോദിച്ചു. ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുട്ടിച്ചോറാക്കുകയും കുട്ടികളെ കണ്ണീര് കുടിപ്പിക്കുകയും ചെയ്തത് എല്ലാവരും കണ്ടതാണ്. പകര്‍ച്ചപ്പനി പിടിച്ച് 600ഓളം പേര്‍ മരിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നാണു മന്ത്രി പറഞ്ഞത്.തെറ്റു കൂടാതെ റേഷന്‍ കാര്‍ഡ് പോലും ഇറക്കാന്‍ കഴിയാത്ത സര്‍ക്കാരാണിത്. ഇപ്പോഴും അതിലെ കുഴപ്പങ്ങള്‍ പരിഹരിച്ചിട്ടില്ല. ധനകാര്യവകുപ്പ് കുത്തഴിഞ്ഞുകിടക്കുന്നു എന്ന് പരാതിപ്പെടുന്നത് ഭരണകക്ഷിക്കാര്‍ തന്നെയാണ്. പദ്ധതി നിര്‍വഹണം ഇഴഞ്ഞു നീങ്ങുന്നു. ജിഎസ്ടിയെ വാനോളം പുകഴ്ത്തിയ ധനമന്ത്രി ഇപ്പോള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ജിഎസ്ടി വഴി ഉണ്ടായ വിലക്കയറ്റവും കൊള്ളയടിയും തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. റവന്യൂ മന്ത്രി നോക്കുകുത്തിയായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വകുപ്പില്‍ യോഗം വിളിക്കുന്നത് അദ്ദേഹം അറിയുന്നില്ല. റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു കിടന്നിട്ടും നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിയുന്നില്ല. ഒരു വര്‍ഷത്തിനിടയില്‍ രണ്ടു മന്ത്രിമാരാണ് രാജി വയ്‌ക്കേണ്ടി വന്നത്. മറ്റൊരു മന്ത്രിയായ തോമസ് ചാണ്ടി ക്യൂവിലാണ്. ഏതെങ്കിലും ഒരു രംഗത്തു പോലും മികവ് കാട്ടാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ അവസ്ഥയും ദയനീയമാണ്. മുഖ്യമന്ത്രിക്കു തന്നെ മാര്‍ക്കില്ല.അപ്പോള്‍ അദ്ദേഹം മറ്റ് മന്ത്രിമാര്‍ക്ക് എങ്ങനെ മാര്‍ക്കിടുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Next Story

RELATED STORIES

Share it