മന്ത്രിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സിപിഎമ്മിന്റെ നിയന്ത്രണം

തിരുവനന്തപുരം: സ്വകാര്യവ്യക്തികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍നിന്നു സിപിഎം മന്ത്രിമാര്‍ ഒഴിഞ്ഞുനില്‍ക്കണമെന്നു നിര്‍ദേശിച്ച സിപിഎം സംസ്ഥാന സമിതി യോഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയെന്നു കരുതി പാര്‍ട്ടി ഒരു തരത്തിലും അധികാര കേന്ദ്രമാവാന്‍ പാടില്ലെന്നു സംസ്ഥാന സമിതി യോഗം കര്‍ശന നിര്‍ദേശം നല്‍കി.
സര്‍ക്കാരിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഒഴിവാക്കാനാവാത്ത സ്വകാര്യ പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നതിനു മുമ്പു പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ അനുമതി വാങ്ങണം. ഇക്കാര്യങ്ങള്‍ സിപിഎം സംസ്ഥാന ഘടകത്തെയും അറിയിക്കണം. മന്ത്രിമാരുടെ പൊതുപരിപാടികള്‍ സംസ്ഥാന- ജില്ലാ ഘടകങ്ങളെ മുന്‍കൂട്ടി അറിയിക്കണം. ചില പരിപാടികളില്‍ മന്ത്രിമാര്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന അവസ്ഥ ഒഴിവാക്കണം. വകുപ്പുകളില്‍ ആരെങ്കിലും തെറ്റായി ഇടപെട്ടാല്‍ മന്ത്രിമാര്‍ കര്‍ശനമായി തടയണം. ഇപ്പോള്‍ സിപിഎം മന്ത്രിമാര്‍ക്കാണു പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നു സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഘടകകക്ഷികളുടെ മന്ത്രിമാരും പൊതുമാനദണ്ഡത്തില്‍ ഉള്‍പ്പെടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു നിര്‍ദേശങ്ങള്‍ പൊതു മാനദണ്ഡമാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു കോടിയേരിയുടെ മറുപടി.
മന്ത്രിമാരുടെ ഓഫിസ് മാത്രം അഴിമതി വിമുക്തമായാല്‍ പോരാ. വകുപ്പുകള്‍ക്കു കീഴില്‍ വരുന്ന ഓരോ ഓഫിസും അഴിമതി വിമുക്തമാണെന്നു മന്ത്രിമാര്‍ ഉറപ്പാക്കണം. ആഴ്ചയില്‍ അഞ്ചു ദിവസം സെക്രട്ടേറിയറ്റില്‍ ഉണ്ടാവണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം സിപിഎം മന്ത്രിമാര്‍ കര്‍ശനമായി പാലിക്കണം. നയപരമായ തീരുമാനം എടുക്കുന്നതിനു മുമ്പ് ആവശ്യമായ ചര്‍ച്ചകള്‍ നടത്തണം. എല്ലാ തീരുമാനങ്ങളും ജനപക്ഷത്തു നിന്നുള്ളവയാകണം. മന്ത്രിസ്ഥാനത്തു വരുമ്പോള്‍ ചില സൗകര്യങ്ങളും പ്രത്യേക അവകാശങ്ങളും ലഭിക്കും. ഇതു സോഷ്യല്‍ ഓഡിറ്റിനു വിധേയമാണെന്നു പ്രത്യേകം ഓര്‍ക്കുന്നതു നന്ന്. ജനങ്ങളുമായി അകലുന്ന തീരുമാനങ്ങള്‍ ഒഴിവാക്കണം. മന്ത്രിമാര്‍ സന്ദര്‍ശന സമയം നിശ്ചയിച്ചു നല്‍കണം. ഈ സമയം ഓഫിസിലുണ്ടാവണം. മന്ത്രിമാരുടെ ഓഫിസ് ജനങ്ങളുമായി മാന്യമായി ഇടപെടുന്നതാവണം. പരാതികളില്‍ വേഗത്തില്‍ പരിഹാരമുണ്ടാക്കാനും ഇതു സമയബന്ധിതമായി ബന്ധപ്പെട്ടവരെ അറിയിക്കാനും നടപടി വേണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പാര്‍ട്ടി ഒരു തരത്തിലും അധികാര കേന്ദ്രമാവാന്‍ പാടില്ല. സര്‍ക്കാരിനു പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഒരുക്കി നല്‍കാനാവണം പാര്‍ട്ടിപ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കേണ്ടത്. പ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്ന് അകലാന്‍ പാടില്ല. അവരുമായി നിരന്തരബന്ധം നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ വേണം. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സ്വാധീനം ജനങ്ങളുടെ നേരെ പ്രയോഗിക്കാന്‍ പാടില്ല. അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയമുണ്ടായതോടെ കോണ്‍ഗ്രസും ആര്‍എസ്എസ് പ്രവര്‍ത്തകരും തുല്യ ദുഃഖിതരാണ്. സംസ്ഥാനത്ത് വര്‍ഗീയ അജണ്ട പ്രചരിപ്പിക്കുന്നതില്‍ ആര്‍എസ്എസ് ആണു മുന്നില്‍നില്‍ക്കുന്നത്. കേന്ദ്ര ഭരണം ഉപയോഗിച്ചു സമുദായസംഘടനകളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നു.
2014നെ അപേക്ഷിച്ചു സിപിഎം അംഗത്വത്തില്‍ 30,688 എണ്ണത്തിന്റെ വര്‍ധനയുണ്ടായി. സര്‍ക്കാരിനെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷ ഏറെയാണ്. എന്നാല്‍, സാമ്പത്തിക സ്ഥിതി ഗുരുതരമായതിനാല്‍ ജനങ്ങള്‍ ഉദ്ദേശിച്ച എല്ലാ കാര്യവും ആദ്യമേ ചെയ്യാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാരുമായി സൗഹാര്‍ദ സമീപനമായിരിക്കും സ്വീകരിക്കുക.
കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇല്ലെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it