മന്ത്രിമാരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച ഫലംകണ്ടില്ല

തിരുവനന്തപുരം: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍ക്കാന്‍ മന്ത്രിമാരുടെയും ലേബര്‍ കമ്മീഷണറുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമാവാതെ വീണ്ടും പിരിഞ്ഞു. ശമ്പളപരിഷ്‌കരണ നടപടി പ്രകാരം 2013 മുതലുള്ള കുടിശ്ശികയായ 3.5 കോടിയോളം രൂപനല്‍കാനുള്ളതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്നുമുള്ള നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനില്‍ക്കുകയായിരുന്നു. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെയാണു ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞത്. ചര്‍ച്ച ഫലംകാണാത്തതിനാല്‍ ഇന്നുമുതല്‍ യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ ആശുപത്രിക്ക് മുമ്പില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നാണ്  അറിയിച്ചിരുന്നതെങ്കിലും അവര്‍ പെങ്കടുത്തില്ല. പകരം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ എന്നിവരാണ് പങ്കെടുത്തത്.  ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിയ സമരത്തിനു പിന്തുണ അര്‍പ്പിച്ച് സമരത്തിനിറങ്ങിയ ചേര്‍ത്തല കെവിഎം ആശുപത്രിയിലെ പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നും കൂടുതല്‍ പേര്‍ക്കെതിരേ നടപടി സ്വീകരിക്കാനുള്ള മാനേജ്‌മെന്റ് നീക്കം ഉപക്ഷേിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ ഇവിടെ സമരം നടക്കുന്നത്. മിനിമം വേതനം നടപ്പാക്കുക, ജോലി ഭാരം കുറയ്ക്കാന്‍ മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും നഴ്‌സുമാര്‍ ഉന്നയിക്കുന്നു. മിനിമം വേതനം പോലും നല്‍കാന്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. 170 ദിവസം പിന്നിട്ടിട്ടും സമരം ഒത്തുതീര്‍പ്പാക്കാത്ത സാഹചര്യം ഗൗരവതരമാണെന്ന് അസോസിയേന്‍ ചൂണ്ടിക്കാട്ടി. മാനേജ്‌മെന്റ് പ്രതിനിധികളായ ഡോ. അഭിനാഥ്, ജോര്‍ജ് എന്നിവരും യുഎന്‍എ ഭാരവാഹികളായ ജാസ്മിന്‍ഷാ, സുജനപാല്‍, സിബി മുകേഷ് തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it