മന്ത്രിമാരുടെ പ്രവര്‍ത്തനമികവിന് മാര്‍ക്കിടാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവര്‍ത്തനമികവിന് മാര്‍ക്കിടാനൊരുങ്ങി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേക ഫോറങ്ങള്‍ തയ്യാറാക്കി വിവിധ വകുപ്പുകള്‍ക്കു നല്‍കിക്കഴിഞ്ഞു. മന്ത്രിമാര്‍ പ്രവര്‍ത്തനമികവു സംബന്ധിച്ച സമഗ്ര റിപോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം.
ഏതെല്ലാം പദ്ധതികളാണു നടപ്പാക്കുന്നത്, അവയുടെ പുരോഗതി എവിടെ വരെയായി തുടങ്ങിയവയാണ് മന്ത്രിമാര്‍ പ്രധാനമായും ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍. ഫണ്ട് എത്ര വിനിയോഗിച്ചു എന്നതും വ്യക്തമാക്കണം. കൂടാതെ ഏതെങ്കിലും പദ്ധതികള്‍ക്ക് തടസ്സമുണ്ടായിട്ടുണ്ടോ, എങ്കില്‍ അതിന്റെ കാരണങ്ങളും വ്യക്തമാക്കണം. ഇതിനായി പ്രത്യേക ഫോറം തന്നെ മന്ത്രിമാര്‍ക്കു നല്‍കിയിട്ടുണ്ട്. വരും മാസങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഇതിന്റെ കാലാവധിയും പ്രത്യേകം രേഖപ്പെടുത്തണം. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം അടുത്തുവരുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് ഇതെന്നാണു സൂചന. വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കും സ്വയം വിലയിരുത്താനുള്ള അവസരമാണിതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിലപാട്.  സംസ്ഥാനത്തിന്റെ പദ്ധതി വിനിയോഗ പുരോഗതിയും ഓരോ വകുപ്പിന്റെയും പ്രകടനവും കഴിഞ്ഞ ഒക്ടോബറിലാണ് മുഖ്യമന്ത്രി വിലയിരുത്തിയത്. മിക്ക വകുപ്പുകളുടെയും പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ചില മന്ത്രിമാര്‍ പെട്ടെന്നു തന്നെ ചോദ്യാവലി പൂരിപ്പിച്ചു നല്‍കിയിട്ടുണ്ട്. ഇനിയും നല്‍കാനുള്ളവര്‍ വകുപ്പ് സെക്രട്ടറിമാരുടെ സഹായത്തോടെ ഫോറം പൂരിപ്പിക്കല്‍ തുടരുകയാണ്.  ഈ മാസം 7നു മുമ്പു തന്നെ ഫോറം തിരികെ നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ നിര്‍ദേശം.
അതേസമയം, ഏറെ പരാതികളുയര്‍ന്ന ആഭ്യന്തരവകുപ്പടക്കം  മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്ന വകുപ്പുകളുടെ അവലോകനം എപ്രകാരമാണെന്നു വ്യക്തമല്ല. പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം തിരികെ വരുന്ന മുഖ്യമന്ത്രി വകുപ്പുകളുടെ പ്രവര്‍ത്തനം വിശദമായി വിലയിരുത്തും. പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാവുമെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it