മന്ത്രിമന്ദിരങ്ങള്‍ ഭംഗി കൂട്ടേണ്ടെന്ന് പിണറായിയുടെ നിര്‍ദേശം; മുഖ്യമന്ത്രിയുടെ ഓഫിസിലെ നിരീക്ഷണ കാമറകള്‍ നീക്കി

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായി മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കരുതെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒഴിവാക്കാന്‍ പറ്റാത്ത ശുചീകരണപ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നും അദ്ദേഹം മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിസഭ മാറുമ്പോള്‍ പുതിയ മന്ത്രിമാര്‍ക്ക് അനുവദിക്കപ്പെട്ട വസതികള്‍ മോടിപിടിപ്പിക്കുന്നതിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ ലക്ഷങ്ങളുടെ ധൂര്‍ത്താണ് നടത്തുന്നത്. കൂടാതെ അത്യാവശ്യജോലി എന്നപേരില്‍ ടെണ്ടര്‍ പോലും വിളിക്കാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതിയും പതിവാണ്. ഇതെല്ലാം കണക്കിലെടുത്താണ് നിയുക്ത മുഖ്യമന്ത്രിയുടെ തീരുമാനം.
ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കല്ലാതെ മന്ത്രിമന്ദിരങ്ങളുടെ മോടികൂട്ടാന്‍ പണം ചെലവാക്കരുതെന്ന് പൊതുമാരമത്ത് വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മന്ത്രിമാര്‍ ഓഫിസുകളില്‍ എത്തണമെന്നും എല്‍ഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കി.
പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ തല്‍സമയ വെബ്കാസ്റ്റിങ്ങിനായി സ്ഥാപിച്ചിരുന്ന കാമറകള്‍ നീക്കംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുന്നോടിയായാണ് വെബ്കാസ്റ്റിങ് അവസാനിപ്പിച്ചത്. 2011ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിയാണ് നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ചേംബറിലും ഓഫിസിലുമായി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ഭരണം കൂടുതല്‍ സുതാര്യമാക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ 24 മണിക്കൂറുമുള്ള തല്‍സമയ വെബ്കാസ്റ്റിങ് ആരംഭിച്ചത്.
കഴിഞ്ഞദിവസം നിയന്ത്രണച്ചുമതലയുള്ള സിഡിറ്റിലെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കാമറകള്‍ നീക്കംചെയ്യുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ് പേജായ ംംം.സലൃമഹമരാ.ഴീ്.ശി വഴിയുള്ള വെബ്കാസ്റ്റിങ്ങും നിലച്ചു. ഭരണം മാറിയ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കാമറകള്‍ നീക്കിയതാകാമെന്നാണ് കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം. വെബ്കാസ്റ്റിങ് അവസാനിപ്പിക്കാന്‍ സിഡിറ്റിനോട് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് അറിയിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കാമറ നിരീക്ഷണത്തിലാക്കിയത് ആഗോളതലത്തില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാല്‍, സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍, ബാര്‍ കേസുകളില്‍ ഈ കാമറകളിലെ പഴയ ദൃശ്യങ്ങള്‍ കണ്ടെത്താനാവാത്തതും പോരായ്മയായി.
Next Story

RELATED STORIES

Share it