മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണി: ചെലവഴിച്ചത് 35.95 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയുള്‍പ്പെടെ 19 മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 35,95,000 രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പിലിന്റെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
32,62,000 രൂപ സിവില്‍ ജോലികള്‍ക്കും 3,33,000 രൂപ വൈദ്യുതീകരണത്തിനുമായി ചെലവഴിച്ചു. പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ മോടിപിടിപ്പിക്കാനോ പണം ചെലവഴിച്ചിട്ടില്ല. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി പൊതുമരാമത്ത്, ടൂറിസം, ശുചിത്വ മിഷന്‍, പൊതുഭരണ വകുപ്പുകള്‍ 35,5,894 രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് 30,81,414 രൂപയും ടൂറിസം വകുപ്പ് 3,65,200 രൂപയും പൊതുഭരണവകുപ്പ് 20,000 രൂപയും ശുചിത്വമിഷന്‍ 81,280 രൂപയും ചെലവഴിച്ചു. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഇനത്തില്‍ സ്ഥാപനങ്ങള്‍ ബില്ലുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ തുക നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ അധികാരമേറ്റശേഷം ജൂണ്‍ 21 വരെ 4,308 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പിഎസ്‌സി റാങ്ക് പട്ടിക നിലവിലില്ലാത്തതിനാല്‍ നികത്താന്‍ കഴിയാത്ത തസ്തികകള്‍ ചട്ടപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നികത്താന്‍ വകുപ്പ് അധ്യക്ഷന്‍മാര്‍ക്കും നിയമനാധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 1,59,238 പേര്‍ക്ക് പിഎസ്‌സി നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് ചീമേനി ഐടി പാര്‍ക്ക് കണ്ണൂര്‍ എരമറ്റം കുറ്റൂര്‍ പഞ്ചായത്തിലെ ഐടി പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം തുടങ്ങാന്‍ സാധിക്കുമെന്ന് എം രാജഗോപാല്‍, സി കൃഷ്ണന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it