Districts

മന്ത്രിപുത്രിയെ മേയറാക്കാന്‍ നടത്തിയ ശ്രമത്തിനെതിരേ കോണ്‍ഗ്രസ്സില്‍ പ്രതിഷേധം

തൃശൂര്‍: മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ മകളെ ബിജെപി പിന്തുണയോടെ തൃശൂര്‍ കോര്‍പറേഷന്‍ മേയറാക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസില്‍ വന്‍ പ്രതിഷേധം. യുഡിഎഫിന് കോണ്‍ഗ്രസ് ഗ്രൂപ്പു പോരിന്റെ പേരില്‍ കോര്‍പ്പറേഷനിലടക്കം ജില്ലയില്‍ വന്‍ തകര്‍ച്ചയുണ്ടായതിന് കാരണം മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ ചെയ്തികളായിരുന്നെന്ന എ ഗ്രൂപ്പിന്റെയും മറ്റു നേതാക്കളുടേയും ആരോപണത്തിനിടയിലാണ് പാര്‍ട്ടി നേതാക്കളേയും അണികളേയും വീണ്ടും പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള നീക്കങ്ങള്‍ക്ക് ശ്രമം നടന്നത്.
കോര്‍പ്പറേഷനില്‍ യുഡിഎഫിന് ലഭിച്ചത് 21 സീറ്റുകള്‍ മാത്രമാണ്. കോണ്‍ഗ്രസിനുള്ളിലെ ശക്തമായ വിഭാഗീയതയായിരുന്നു തോല്‍വിയുടെ മുഖ്യകാരണം. തിരഞ്ഞെടുപ്പിന് മൂന്നു മാസം മുന്‍പ് ചാവക്കാട് കോണ്‍ഗ്രസ് (എ) നേതാവായിരുന്ന ഹനീഫയുടെ കൊലപാതകമാണ് തണുത്ത് കിടന്നിരുന്ന ജില്ലയിലെ ഗ്രൂപ്പു രാഷ്ട്രീയം വീണ്ടും ശക്തിയാര്‍ജ്ജിക്കാനിടയാക്കിയത്. ഹനീഫ വധത്തിനു പിന്നില്‍ മന്ത്രിക്കും മന്ത്രിയുടെ ഗ്രൂപ്പു നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ഹനീഫയുടെ കുടുംബവും സഹപ്രവര്‍ത്തകരും ആരോപിച്ചതോടെ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഒരു ഘട്ടത്തില്‍ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു വന്നതോടെ വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഒത്തു തീര്‍പ്പു ചര്‍ച്ചകളിലാണ് നിലവിലെ ഡിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് തന്നെ നിലനിര്‍ത്താനും ബാലകൃഷ്ണന്റെ മകള്‍ സി ബി ഗീതയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിക്കാനും തീരുമാനമായത്.
എന്നാല്‍ ഗീതയെ മേയറായി ഉയര്‍ത്തി കാട്ടിയത് ജില്ലയില്‍ യുഡിഎഫിന് തിരിച്ചടിയായെന്നും ബിജെപിയുമായി ഭരണം പങ്കിട്ടാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനും കൂടെയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി എ മാധവന്‍ പറഞ്ഞു. ഇതേ സമയം തൃശൂരിലെ യുഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും മകളെ മേയറാക്കാന്‍ ആരുടേയും കയ്യും കാലും പിടിക്കാന്‍ താന്‍ പോയിട്ടില്ലെന്നും സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it