Middlepiece

മന്ത്രികോമാളികള്‍ അരങ്ങുവാഴുന്നു

മന്ത്രികോമാളികള്‍ അരങ്ങുവാഴുന്നു
X
slug-madhyamargamസര്‍ക്കസില്‍ കോമാളികളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. ഉയരം കൂടിയവരും ഉയരം കുറഞ്ഞവരും ഉള്‍പ്പെടെ വേറിട്ട ശരീരഘടനയുള്ളവരാണ് സര്‍ക്കസില്‍ കോമാളിവേഷത്തില്‍ കാണാറുള്ളത്. മുഖത്ത് ചായം തേച്ച് കോമാളിവേഷങ്ങളുമായി കൈകളില്‍ കോലുകളും മറ്റും ഏന്തി ഇവര്‍ ടിക്കറ്റ് എടുത്ത് വരുന്ന കാണികളെ ചിരിപ്പിക്കുന്നു.
സര്‍ക്കസില്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളിലും കോമാളികള്‍ നിരന്നുനില്‍ക്കുന്നുണ്ട്. സര്‍ക്കസില്‍ കാണികളെ ചിരിപ്പിക്കലാണെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ ലക്ഷ്യം വ്യത്യസ്തമായിരിക്കും. ആര്‍ക്കും കയറി വെറുതെ കോമാളിയാവാന്‍ പറ്റില്ല. അതിനും മിനിമം ക്വാളിഫിക്കേഷന്‍ ആവശ്യമാണ്. രാഷ്ട്രീയരംഗത്താണ് ഇത് അധികം വേണ്ടത്. കാരണം, ഈ രംഗത്ത് കോമാളികളുടെ എണ്ണപ്പെരുപ്പം താങ്ങാവുന്നതല്ല. കോമാളികള്‍ ഇല്ലാത്ത ഒരു മന്ത്രിസഭയെക്കുറിച്ച് ഒരു പാര്‍ട്ടിക്കും ആലോചിക്കാനേ കഴിയില്ല. ഓരോ ജാതിമതങ്ങള്‍ക്കും സീറ്റുകള്‍ വീതിക്കുന്നതുപോലെ കോമാളികള്‍ക്കും സീറ്റ് വീതം വയ്ക്കും. എടുത്തുപിടിക്കുന്ന ശരീരഘടനയുള്ള കോമാളികള്‍ക്ക് ഇതില്‍ മുന്‍തൂക്കം ഉറപ്പാണ്. തല്‍ക്കാലം പുതിയ മന്ത്രിസഭയെക്കുറിച്ച് ഒന്ന് ഓടിച്ചുനോക്കാം.
രണ്ടു മുന്നണികളിലും മല്‍സരിച്ചു ജയിച്ച കോമാളികളുടെ എണ്ണം വളരെ കുറവാണ്. ഭരണരംഗത്ത് ഇതിനു കടുത്ത ക്ഷാമം. എന്തുചെയ്യാം. കിഴക്കും പടിഞ്ഞാറും ഒഴിവാക്കാം. എന്നാല്‍, തെക്കും വടക്കും ഒഴിവാക്കാന്‍ പറ്റുമോ? മരുന്നിനു തെക്കുനിന്നും വടക്കുനിന്നും ഒരാളെങ്കിലും വേണ്ടേ? അല്ലെങ്കില്‍ എന്തു മന്ത്രിസഭ? മുഖ്യമന്ത്രി സദാ ഗൗരവക്കാരനായതിനാല്‍ കോമാളികള്‍ക്ക് പിടിപ്പത് പണിയും ഉണ്ടാവും.
പിബിക്കകത്തും പുറത്തും തലപുകഞ്ഞ് ആലോചിച്ചശേഷമാണ് വടക്കുനിന്ന് ഇ പി ജയരാജനെയും തെക്കുനിന്ന് ജി സുധാകരനെയും പ്രവേശിപ്പിച്ച് കോമാളികളുടെ കുറവ് നികത്തിയത്. ശരീരഘടനകൊണ്ട് സഖാക്കളില്‍നിന്നു മാത്രമല്ല, ജനങ്ങളില്‍നിന്നുതന്നെ ഇവര്‍ രണ്ടുപേരും വേറിട്ടുനില്‍ക്കുന്നുണ്ട്. മന്ത്രിസഭാ പ്രവേശനത്തിന് ഇതൊരു മുഖ്യഘടകമായിരുന്നത്രെ! മന്ത്രിസഭയുടെ മധുവിധുകാലത്തു തന്നെ രണ്ടുപേരും നല്ലപോലെ കീര്‍ത്തിനേടി. മന്ത്രിസഭയ്ക്കും ഭരണമുന്നണിക്കും സ്വന്തം പാര്‍ട്ടിക്കും നല്ല പ്രതിച്ഛായയും നല്‍കി. ബാക്കിയുള്ള ഒരു മന്ത്രിക്കും ഇത്ര വേഗത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ ഉദ്ദേശ്യം ചിരിപ്പിക്കലല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചിരി എന്ന വകുപ്പിനു സ്ഥാനമില്ല. ചിന്തിപ്പിക്കലാണ് ഇവരുടെ ലക്ഷ്യം. ചിന്തിച്ചു സംഗതി ചിരിയായി മാറണമെങ്കില്‍ വീട്ടില്‍ പോയി കുളിച്ച് ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാന്‍ കിടക്കുന്ന നേരമാവണം. വിഖ്യാത ബോക്‌സിങ് ചാംപ്യന്‍ മുഹമ്മദ് അലിയെക്കുറിച്ച് മന്ത്രി ഇ പി ജയരാജന്‍ നടത്തിയ ഉഗ്രന്‍ അനുശോചന പ്രഭാഷണം സകല കോമാളികളെയും അടിച്ചുവീഴ്ത്താന്‍ പോന്നതായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനോട് നടത്തിയ സംഭാഷണം അതിനേക്കാള്‍ കേമമായി. ജി സുധാകരന്‍ മന്ത്രിക്കാണെങ്കില്‍ കോമാളിത്തം ജന്മനാ ഉള്ളതാണ്. അദ്ദേഹം സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും കിടക്കുന്നതും കവിത എഴുതുന്നതും ശകാരിക്കുന്നതും എല്ലാം പാര്‍ട്ടിക്കു വേണ്ടിയാണ്. കോമാളി അഭ്യാസവും പാര്‍ട്ടിക്കു വേണ്ടി തന്നെ. ജനങ്ങളെ ചിന്തിപ്പിക്കാനും പിന്നീട് ചിരിപ്പിക്കാനും മന്ത്രി സുധാകരന്‍ ഉപയോഗിച്ചത് ഹിന്ദു സന്ന്യാസിമാരുടെ അടിവസ്ത്രമായിരുന്നു. സന്ന്യാസിമാര്‍ അടിയില്‍ വസ്ത്രം ധരിക്കണമെന്നാണ് മന്ത്രിയുടെ ഉത്തരവ്. പാര്‍ട്ടിയിലെ സന്ന്യാസിമാരാണോ പുറത്തുള്ളവരാണോ എന്ന് അദ്ദേഹം കല്‍പിച്ചിട്ടില്ല. മൊത്തം സന്ന്യാസിമാരെ ഉദ്ദേശിച്ചാണെങ്കില്‍ അവര്‍ക്കൊക്കെ ഈ കല്‍പന ബാധകമാവുമോ എന്നു വ്യക്തമല്ല. കാരണം, ജൈനരില്‍ ദിഗംബരന്‍മാര്‍ എന്നൊരു കൂട്ടര്‍ ഉടുതുണിയില്ലാതെയാണു ജീവിക്കുന്നത്. മന്ത്രി എന്ന നിലയില്‍, സത്യപ്രതിജ്ഞ അനുസരിച്ച് എല്ലാ ജനങ്ങളോടും മന്ത്രി നീതികാണിക്കണമായിരുന്നു. അടിവസ്ത്രം ധരിക്കാത്ത എല്ലാ ജനങ്ങളെയും അദ്ദേഹം പിടികൂടണമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ അടിവസ്ത്രം വാങ്ങിക്കൊടുത്ത് റേഷന്‍ഷാപ്പുകള്‍ വഴിയോ മറ്റോ വിതരണം ചെയ്ത് അത് ഓരോരുത്തര്‍ക്കായി ഉടുപ്പിക്കാന്‍ ഔദ്യോഗിക സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. കോമാളികളുടെ ഉത്തരവും കല്‍പനകളും ആയതുകൊണ്ട് ചിന്തിച്ച് പിന്നീട് നമുക്കു ചിരിക്കാം. $
Next Story

RELATED STORIES

Share it