മനോഹര്‍ പരീക്കറെ എയിംസിലേക്ക് മാറ്റി; മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നു ഡെപ്യൂട്ടി സ്പീക്കര്‍

ന്യൂഡല്‍ഹി: ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഗോവയില്‍ നിന്നു പ്രത്യേക വിമാനത്തിലാണ് പരീക്കറെ എയിംസിലേക്ക് മാറ്റിയത്. അതേസമയം, ചികില്‍സയിലാണെങ്കിലും മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തുടരുമെന്നു ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മീഖായീല്‍ ലോബൊ പറഞ്ഞു.
മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി മറ്റു മന്ത്രിമാര്‍ക്കു വീതിച്ച് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണു സംസ്ഥാനത്തെ സ്ഥിതിഗതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയിംസിലെ പഴയ സ്വകാര്യ വാര്‍ഡില്‍ ഉദരരോഗ വിഭാഗത്തിലെ ഡോ. പ്രമോദ് ഗാര്‍ഗിന്റെ മേല്‍നോട്ടത്തിലാണു പരീക്കര്‍. അതേസമയം, പരീക്കറുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച പ്രാഥമിക റിപോര്‍ട്ട് പുറത്തിറക്കാന്‍ എയിംസ് അധികൃതര്‍ വിസമ്മതിച്ചു.
പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് അമേരിക്കയില്‍ ചികില്‍സ തേടിയിരുന്ന മനോഹര്‍ പരീക്കര്‍ ഈ മാസം എഴിനാണു മടങ്ങിയെത്തിയത്. തുടര്‍ന്നു നോര്‍ത്ത് ഗോവയിലെ കാന്‍ഡോലിമിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Next Story

RELATED STORIES

Share it