മനോജ് വധക്കേസ്: പി ജയരാജന് ജാമ്യം

തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ  25ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഉപാധികളോടെ ജാമ്യം. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി ജി അനില്‍കുമാറാണ് 50,000 രൂപയ്ക്കുള്ളതോ തത്തുല്യമായ രണ്ട് ആള്‍ജാമ്യത്തിലോ ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ രണ്ടുമാസമോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യംചെയ്യലിനു സഹകരിക്കണം എന്നിവയാണ് ഉപാധികള്‍. 2016 ഫെബ്രുവരി മുതല്‍ ജയരാജന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ചൂണ്ടിക്കാട്ടി പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരം ശ്രീചിത്തിരയിലും ചികില്‍സ തേടിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ടുവരെ നീട്ടി. ഇതിനിടയിലാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി നല്‍കിയത്. കാല്‍മുട്ട് വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയരാജനെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
Next Story

RELATED STORIES

Share it