മനോജ് വധം: സിബിഐ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സിബിഐ ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും. ഹരജിയില്‍ നാളെ തീര്‍പ്പുണ്ടാവും. അതേസമയം, പി ജയരാജന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമുള്ള പുതിയ മെഡിക്കല്‍ റിപോര്‍ട്ടും കോടതിയില്‍ നാളെ സമര്‍പ്പിക്കും. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപോര്‍ട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. റിപോര്‍ട്ട് നാളെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
അതെസമയം, ശ്രീ ചിത്ര ആശുപത്രിയില്‍ കഴിയുന്ന പി ജയരാജനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ആശുപത്രിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗരീബ്‌രഥ് എക്‌സ്പ്രസില്‍ ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ് കൊണ്ടുപോവുക.
Next Story

RELATED STORIES

Share it