മനോജ് വധം; സിബിഐയെ സമ്മര്‍ദ്ദത്തിലാക്കി വരുതിയില്‍ കൊണ്ടുവരാന്‍ ആര്‍എസ്എസ്

കണ്ണൂര്‍: മനോജ് വധക്കേസില്‍ സിബിഐയെ സമ്മര്‍ദ്ദത്തിലാക്കി വരുതിയിലാക്കാന്‍ ആര്‍എസ്എസ് സംസ്ഥാനഘടകത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി അന്വേഷണം കാര്യക്ഷമമായി നടത്താന്‍ ആവശ്യപ്പെട്ട് ആര്‍എസ്എസ് ഘടകം ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായ്ക്ക് കത്തെഴുതി. ഇത് സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു.
നിലവില്‍ മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം ഏറെ മുന്നോട്ടുപോയ ഘട്ടത്തിലാണ് ആര്‍എസ്എസ്സിന്റെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. കേസില്‍ സിപിഎം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ സിബിഐ ശ്രമിക്കുന്നില്ലെന്ന് അമിത്ഷായ്‌ക്കെഴുതിയ കത്തില്‍ ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നു.
അരിയില്‍ ഷുക്കൂര്‍, ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പി ജയരാജന് പങ്കുണ്ട്. എന്നാല്‍, പോലിസില്‍ സ്വാധീനം ചെലുത്തി ജയരാജന്‍ രക്ഷപ്പെടുകയാണ്. ടി പി വധ ഗൂഢാലോചന അന്വേഷിച്ചിരുന്നെങ്കില്‍ മനോജ് കൊല്ലപ്പെടുമായിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മനോജ് വധക്കേസില്‍ പ്രാഥമിക കുറ്റപത്രം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സിബിഐ നടത്തിയില്ലെന്നും ആര്‍എസ്എസ് വിമര്‍ശനമുന്നയിക്കുന്നു. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതിയില്‍ സിബിഐ നല്‍കിയ സത്യവാങ്മൂലം പി ജയരാജനെതിരേ രൂക്ഷമായ ആരോപണമാണ് ഉന്നയിക്കുന്നത്. ജില്ലയിലെ പല കൊലപാതകത്തിലും പി ജയരാജന് പങ്കുണ്ടെന്നും ബുദ്ധികേന്ദ്രം ജയരാജനാണെന്നുമാണ് സിബിഐ ജാമ്യത്തെ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്.
Next Story

RELATED STORIES

Share it