മനോജ് വധം: പി ജയരാജന്‍ 25ാം പ്രതി; യുഎപിഎ ചുമത്തി

തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്തു. ഇന്നലെ ഉച്ചയോടെയാണ് അന്വേഷണോദ്യോഗസ്ഥന്‍ ഹരി ഓംപ്രകാശ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
25ാം പ്രതിയായി ചേര്‍ത്ത ജയരാജനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി. കൂടാതെ, ഐപിസി 120 ബിആര്‍/ഡബ്ല്യു 143, 147, 148, 201, 202, 212, 324, 307, 302, ആര്‍/ഡബ്ല്യു 140 പ്രകാരവും സെക്ഷന്‍ 15(11) (എ) (1) ആര്‍/ഡബ്ല്യു 16 എ, 18,19 (യുഎപിഎ) സെക്ഷന്‍ 335 ഉം അനുബന്ധ വകുപ്പുകളും ഉള്‍പ്പെടുത്തി. മനോജിനോട് ജയരാജനു മാത്രമാണ് വ്യക്തിപരവും രാഷ്ട്രീയവുമായ ശത്രുത ഉണ്ടായിരുന്നതെന്നാണ് റിപോര്‍ട്ടിലെ പരാമര്‍ശം.
1999ല്‍ മനോജും സംഘവും ജയരാജനെ ആക്രമിച്ചിരുന്നു. ഈ കേസിലെ പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തു. 500ഓളം സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ആര്‍എസ്എസില്‍ ചേരുന്നതിന് സ്വീകരണം ഏര്‍പ്പാട് ചെയ്തിരുന്നു. ഇതിന്റെ ചുമതലക്കാരനായിരുന്നു മനോജ്. ഇതും ജയരാജന്റെ ശത്രുത വര്‍ധിക്കാന്‍ കാരണമായെന്നും സിബിഐ പറയുന്നു.
ജില്ലയിലെ പാര്‍ട്ടിപ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമനെ ജയരാജന്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരമാണ് കൊല നടത്തിയത്. ജയരാജനാണ് മുഖ്യ ആസൂത്രകനെന്നും ഹരി ഓംപ്രകാശ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2014 സപ്തംബര്‍ ഒന്നിനു രാവിലെ 11.15ഓടെയാണ് ഉക്കാസ്‌മൊട്ടയില്‍ വച്ച് മനോജിനെ ഒരു സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
അതേ സമയം, പി ജയരാജന്‍ ഇന്നു വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ഇത് മൂന്നാംതവണയാണ് ഈ കേസില്‍ ജാമ്യം തേടി ജയരാജന്‍ കോടതിയെ സമീപിക്കുന്നത്. അഡ്വ. വിശ്വന്‍ മുഖേനയായിരിക്കും സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുക. മനോജ് വധക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവണമെന്നു കാണിച്ച് കഴിഞ്ഞയാഴ്ച ജയരാജന് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ചോദ്യംചെയ്യലിന് ഹാജരാവാതെ കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. നിലവില്‍ പ്രതിയല്ലാത്ത ഒരാള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Next Story

RELATED STORIES

Share it