മനോജ് വധം: പി ജയരാജന്റെ ജാമ്യഹരജിയില്‍ വിധി നാളെ

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി ജയരാജന്റെ ജാമ്യഹരജിയില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി 21നു വിധി പറയും. ജയരാജന് വേണ്ടി അഡ്വ. കെ വിശ്വന്‍ മുഖേന നല്‍കിയ ജാമ്യ ഹരജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി.
മനോജ്‌വധം ആസൂത്രണം ചെയ്ത മുഖ്യ സൂത്രധാരന്‍ പി ജയരാജനാണെന്ന സിബിഐയുടെ വാദം വസ്തുതകള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് അഡ്വ. വിശ്വന്‍ വാദിച്ചു. കൊലപാതകത്തില്‍ ജയരാജന് പങ്കുണ്ടെന്ന സിബിഐയുടെ വാദത്തെ ഉറപ്പിക്കുകയോ ബലപ്പെടുത്തുകയോ സ്ഥിരീകരണം നല്‍കുകയോ ചെയ്യുന്ന യാതൊരു തെളിവുകളും ഇതുവരെ സമര്‍പ്പിച്ച രേഖകളില്‍ കാണുന്നില്ല. കേസില്‍ മൂന്നാം പ്രതി ജിനേഷ്, 11ാം പ്രതി കൃഷ്ണന്‍, 12ാം പ്രതി രാമചന്ദ്രന്‍ എന്നിവരും ഗൂഢാലോചന കേസിലെ പ്രതികളാണ്. എന്നാല്‍ 25ാം പ്രതിയായ ജയരാജനെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തത്. ഒന്നാം സാക്ഷിയായ ആര്‍എസ്എസ് നേതാവ് ക്രൈംബ്രാഞ്ചിനും സിബിഐക്കും നല്‍കിയ മൊഴി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ പി ജയരാജനെ പ്രതിയാക്കിയത്. പി ജയരാജന്‍ 1999 മുതല്‍ പോലിസ് സംരക്ഷണയിലാണ്. അതിനാല്‍ ഗൂഢാലോചന നടന്നെന്ന് പറയുന്നത് അവാസ്തവമാണ്. ജയരാജന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. മാനുഷിക പരിഗണനയില്‍ ജാമ്യം അനുവദിക്കണമെന്നും ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോവില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍, പ്രതിഭാഗം അഭിഭാഷകന്‍ സ്ഥിരമായി ഉന്നയിക്കുന്ന വാദങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും മനോജ് വധത്തില്‍ പി ജയരാജന്റെ ആസൂത്രണവും മറ്റും സൂചിപ്പിക്കുന്ന വിവരങ്ങള്‍ സിബിഐക്ക് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ഇതുകൂടി ഉള്‍പ്പെടുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന കേസ് ഡയറി കോടതിക്ക് കൈമാറുകയാണെന്നും സിബിഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ കോടതിയില്‍ വാദിച്ചു. കേസ് ഡയറി നേരത്തേ കോടതി ആവശ്യപ്പെട്ട പ്രകാരം നല്‍കിയിരുന്നു. യുഎപിഎ നിയമപ്രകാരം ജാമ്യം അനുവദിക്കരുത്. 25ാം പ്രതിയായ പി ജയരാജനാണ് സംഭവത്തിന്റെ ആസൂത്രകന്‍. സമൂഹത്തില്‍ പാര്‍ട്ടി വഴിയുള്ള സ്വാധീനം ഉപയോഗിച്ച് കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും കഴിയും. ജയരാജന്‍ പ്രതി ചേര്‍ക്കപ്പെട്ടത് മുതല്‍ പാര്‍ട്ടി കേസിനെ തകര്‍ക്കാനാണ് ശ്രമിച്ചത്.
ജയരാജനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി ലഭിച്ചെങ്കിലും തൃപ്തികരമായി അത് പൂര്‍ത്തിയാക്കാനായിട്ടില്ല. സിബിഐ അന്വേഷണ സംഘം ഇതുവരെ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രതയിലെത്താന്‍ ഇനിയും ചോദ്യം ചെയ്യേണ്ടി വരും. കേസ് തകര്‍ത്തുകളയുക എന്നത് പാര്‍ട്ടിയുടെ തന്ത്രപരമായ നിലപാടാണ്. അത് പൂര്‍ത്തീകരിക്കുന്നതിനാണ് ചോദ്യം ചെയ്യലില്‍ നിന്നൊഴിഞ്ഞു മാറാന്‍ പല അശാസ്ത്രീയ ന്യായങ്ങളും ഉന്നയിച്ചത്. ഇങ്ങനെ ചോദ്യം ചെയ്യലില്‍ നിന്നൊഴിവാക്കി കിട്ടുകയെന്ന അന്തിമലക്ഷ്യം കൈവരിച്ച് മനോജ് വധക്കേസ് പൂര്‍ണമായി ഇല്ലാതാക്കുകയാണ് ജയരാജനും പാര്‍ട്ടിയും ലക്ഷ്യമിടുന്നതെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ജാമ്യഹരജി വിധി പറയുന്നതിന് 21ലേക്ക് ജഡ്ജി വി ജി അനില്‍കുമാര്‍ മാറ്റിവച്ചു. ഏഴ് വാല്യം കേസ് ഡയറിയാണ് സിബിഐ കോടതിക്ക് കൈമാറിയത്.
Next Story

RELATED STORIES

Share it