മനോജ് വധം: പി ജയരാജന്റെ കസ്റ്റഡി അപേക്ഷയില്‍ വിധി നാളെ

തലശ്ശേരി: മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സിബിഐയുടെ ഹരജിയില്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. ചികില്‍സ സംബന്ധിച്ച രേഖകള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ 17ന് ഹാജരാക്കണമെന്ന് ജഡ്ജി വി ജി അനില്‍കുമാര്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മൂന്നുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് രേഖകള്‍ ഹജരാക്കാന്‍ ജഡ്ജി നിര്‍ദേശം നല്‍കിയത്.
ശാരീരിക പരിമിതികളും രോഗാവസ്ഥയും സുരക്ഷാ ഭീഷണിയും പരിഗണിച്ച് കസ്റ്റഡിയില്‍ വിട്ട്‌നല്‍കരുതെന്നും ജയരാജന്‍ ഇപ്പോള്‍ ചികില്‍സയിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ വച്ച് സിബിഐ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാവുന്നതാണെന്നും അഡ്വ. വിശ്വന്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍, ജയരാജനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കേസില്‍ പൂര്‍ണ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂവെന്ന് സിബിഐയ്ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ വാദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ നോട്ടീസ് അയക്കുന്ന ഘട്ടങ്ങളിലെല്ലാം പി ജയരാജന്‍ തനിക്ക് സ്വാധീനമുള്ള ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുകയാണെന്നും സിബിഐ ചൂണ്ടിക്കാട്ടി.
റിമാന്‍ഡിലുള്ള പ്രതിക്ക് അസുഖബാധയുണ്ടെങ്കില്‍ റഫറല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ചികില്‍സ തേടാമെന്ന ജയില്‍ നിയമം നിലനില്‍ക്കെയാണ് കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡി ആവശ്യപ്പെടുന്ന ഘട്ടത്തില്‍ അത് ലംഘിക്കപ്പെടുന്നതെന്നു സിബിഐ ചൂണ്ടിക്കാട്ടി. ആരോഗ്യസ്ഥിതി സംബന്ധിച്ച റിപോര്‍ട്ട് ലഭിച്ചശേഷം മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കൂയെന്ന് ജഡ്ജി വ്യക്തമാക്കി.
അതിനിടെ ജയരാജനെ ചികില്‍സിച്ച പരിയാരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. എസ് എം അഷ്‌റഫ് സിബിഐക്ക് മൊഴി നല്‍കി. ഇന്നലെ രാവിലെയാണ് തലശ്ശേരി ക്യാംപ് ഓഫിസിലെത്തി മൊഴി നല്‍കിയത്. സിബിഐ അന്വേഷണ സംഘം ഡിവൈഎസ്പി ഹരിഓം പ്രാകാശ് 11.15 വരെ ഡോക്ടറില്‍ നിന്നു മൊഴിയെടുത്തു.
2004 മുതല്‍ ഇതുവരെയുള്ള ചികില്‍സാ രേഖകള്‍ സിബിഐക്ക് കൈമാറി. നിലവില്‍ ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ തുടര്‍ ചികില്‍സ ആവശ്യമാണെന്നും ഡോക്ടര്‍ അഷ്‌റഫ് മൊഴി നല്‍കി.
Next Story

RELATED STORIES

Share it