wayanad local

മനുഷ്യ-മൃഗ സംഘര്‍ഷം; കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നു

കല്‍പ്പറ്റ: മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന് യോജിച്ചുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നു. കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ ചേര്‍ന്ന കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനാന്തര വനപാലകരുടെ യോഗത്തിലെ തീരുമാന പ്രകാരമാണ്
തുടര്‍നടപടികള്‍ ആരംഭിച്ചത്.
വനമേഖലയില്‍ സമാധാനമുണ്ടാക്കാനും ജനപങ്കാളിത്തത്തോടെ വനസംരക്ഷണം നടത്താനുമാണ് യോഗത്തില്‍ ധാരണയായത്. വനസംരക്ഷണത്തിന് പരസ്പര സഹായത്തോടെ ഫലപ്രദമായ നടപടികള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു. മൂന്നു വര്‍ഷത്തിനു ശേഷമാണ് സംയുക്തയോഗം ചേര്‍ന്നത്.അയല്‍ സംസ്ഥാനത്തെ വനപ്രദേശങ്ങളില്‍നിന്ന് കടുവകളെ വയനാട് അതിര്‍ത്തിയില്‍ കൊണ്ടുവിടുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും വയനാട് കടുവാ സങ്കേതമല്ലാത്തതിനാല്‍ കടുവാ സംരക്ഷണത്തിനുള്ള തുക വയനാടിന് നല്‍കാനാവില്ലെന്നും കടുവാ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.
കൂട്ടായ ശ്രമഫലമായി ആന വേട്ടയടക്കമുള്ള കേസുകള്‍ മൊത്തത്തില്‍ കുറഞ്ഞുവെന്ന് യോഗം വിലയിരുത്തി. വനമേഖല കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂട്ടായ പരിശോധനകള്‍ നടത്താനും തീരുമാനിച്ചു. വനമേഖലയില്‍ വേട്ട തടയാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തും. ഇതിനായി അതിര്‍ത്തി പ്രദേശങ്ങളില്‍ യോജിച്ച പെട്രോളിങ് ആരംഭിക്കും. വനപാതകളില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും മറ്റും കണക്കിലെടുത്ത് നിരോധന സമയത്തില്‍ മാറ്റം വരുത്തുന്നതും ഇളവ് വരുത്തുന്നതുമായ കാര്യങ്ങളില്‍ അടുത്ത യോഗത്തില്‍ തീരുമാനമെടുക്കാനും ധാരണയായി.
കര്‍ണാടകയില്‍നിന്ന് നേരത്തെ ലഭിച്ച രണ്ട് കുങ്കിയാനകള്‍ക്ക് പുറമെ വയനാട് വന്യജീവി സങ്കേതത്തിന് കൂടുതല്‍ കുങ്കിയാനകളെ നല്‍കും, കാട്ടുതീ തടയാന്‍ യോജിച്ച കരുതല്‍ നടപടികള്‍ സ്വീകരിക്കും, കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നിരന്തരം കൈമാറും, വനത്തിനുള്ളിലും പുറത്തുമുള്ള പ്രധാന ചെക്ക് പോസ്റ്റുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും, ഓരോ മാസവും ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ അവലോകനം ചെയ്യണം. മാവോയിസ്റ്റ്, നക്‌സല്‍ തിരച്ചിലിനുവേണ്ടി വന്നാല്‍ അയല്‍ സംസ്ഥാനങ്ങളിലെ ദൌത്യസേനകളും സഹായിക്കും, വയനാടന്‍ കാടുകളില്‍ പരക്കുന്ന സെന്ന ചെടികള്‍ നശിപ്പിക്കാനുള്ള നടപടികളോട് സഹകരിക്കും എന്നിവയാണ് മറ്റ് പ്രധാന തീരുമാനങ്ങള്‍. ഏതായാലും യോജിച്ചുള്ള പ്രവര്‍ത്തനം ജില്ലയിലെ വനമേഖലയില്‍ സങ്കീര്‍ണമായി കൊണ്ടിരിക്കുന്ന പഴയതും പുതിയതുമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Next Story

RELATED STORIES

Share it