മനുഷ്യാവകാശ സംഘടനകളുമായി ബിജെപി

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: ജില്ലാതലങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ മനുഷ്യാവകാശ സംഘടനകള്‍ രൂപീകരിച്ച് സമൂഹത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപി നീക്കം. പാര്‍ട്ടിയിലെ പൊതുസമ്മതിയുള്ള വരെ  മുന്നില്‍ നിര്‍ത്തിയാണിത്. കഴിഞ്ഞദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇവര്‍ പുതിയ പേരില്‍ മനുഷ്യാവകാശ സംഘടനകള്‍ രൂപീകരിച്ചു. മലപ്പുറത്തു ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ജില്ലാ ചെയര്‍മാനും കോഴിക്കോട്ട് ദേശീയപാതാ സമരസമിതി നേതാവുമാണ് ഇതിനായി യോഗം വിളിച്ചത്. വിവിധ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരെയും സാമൂഹിക പ്രവര്‍ത്തകരെയും സംഘടനാ രൂപീകരണ യോഗങ്ങളിലേക്കു ക്ഷണിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കു പുറമെ സമൂഹത്തില്‍ നല്ല പേരുള്ള പൊതുപ്രവര്‍ത്തകരെ സംഘാടകരാക്കിയാണു യോഗം വിളിച്ചിരുന്നത്. ബിജെപി അനുകൂല നീക്കമാണെന്ന് അറിയാതെ പൊതുപ്രവര്‍ത്തകര്‍ യോഗങ്ങളില്‍ പങ്കെടുത്തു. വിരമിച്ച മാധ്യമപ്രവര്‍ത്തകരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും മുസ്‌ലിം ക്രിസ്ത്യന്‍ സംഘടനാ പ്രവര്‍ത്തകരെയും യോഗങ്ങളിലേക്കു ക്ഷണിച്ചിരുന്നു. വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ പുതിയ വേദി എന്ന നിലയ്ക്കാണു സംഘടനാ രൂപീകരണം. മറ്റു ജില്ലകളിലും വരുംദിവസങ്ങളില്‍ രൂപീകരണ യോഗം നടക്കും. മാധ്യമ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ജില്ലാതലങ്ങളില്‍ സാംസ്‌കാരിക സംഘടന രൂപീകരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it