മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: മാവോബന്ധത്തിന് തെളിവുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭീമാ കൊരേഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സിപിഐ മാവോവാദി പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. മനുഷ്യാവകാശ പ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ വയ്ക്കണമെന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മഹാരാഷ്ട്ര ആവശ്യപ്പെട്ടു. അറസ്റ്റിലായവര്‍ക്കു നിരോധിത സംഘടനയായ സിപിഐ മാവോവാദി പാര്‍ട്ടിയുമായി ബന്ധം ഉണ്ടെന്നതിനുള്ള വ്യക്തമായ തെളിവുകളുണ്ട്. കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്റ്റിവിസ്റ്റുകളായ അരുണ്‍ ഫെരാറിയ, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ എന്നിവരെ ഇനിയും വീട്ടുതടങ്കലില്‍ തുടരാന്‍ അനുവദിക്കുന്നത് ഇവര്‍ക്കെതിരായ തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടയാക്കുമെന്നാണു സര്‍ക്കാരിന്റെ വാദം. അറസ്റ്റിലായ അഞ്ചു പേരെയും കസ്റ്റഡി അന്വേഷണത്തിനു വിട്ടുനല്‍കണമെന്നും മഹാരാഷ്ട്ര നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരായ കേസിന് അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധമില്ല. വിയോജിപ്പുകളും അഭിപ്രായ സ്വാതന്ത്ര്യവും സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നവര്‍ ആണെങ്കില്‍ കൂടി പൗരന്റെ മൗലികാവകാശം സംരക്ഷിക്കുന്നതിനു തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു. ഡിസംബര്‍ 31നു നടന്ന എല്‍ഗാര്‍ പരിഷത്തിന്റെ പേരില്‍ ഭീമ കോരേഗാവില്‍ നടന്ന പൊതുയോഗം സംഘടിപ്പിച്ചതു കബീര്‍ കാലാ മഞ്ച് എന്ന സംഘടനയാണ്. ഒരു പ്രത്യേക സമുദായത്തിന്റെ വൈകാരികത മുതലെടുത്ത് ആസൂത്രണം ചെയ്ത പരിപാടി ആയിരുന്നു അത്. എല്‍ഗാര്‍ എന്നത് അക്രമം എന്നര്‍ഥമാക്കുന്ന യെല്‍ഗാര്‍ എന്നതിന്റെ മറ്റൊരു രൂപമാണെന്നുമാണു സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഏപ്രില്‍ മുതല്‍ നടത്തിയ റെയ്ഡുകളിലും ജൂണില്‍ നടത്തിയ അറസ്റ്റുകളിലും പിടിച്ചെടുത്ത ലാപ്‌ടോപ്, പെന്‍ഡ്രൈവ് തുടങ്ങിയവയില്‍ നിന്നും ഗൂഢാലോചനയുടെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണു സര്‍ക്കാരിന്റെ വാദം.എല്ലാ റെയ്ഡുകളുടെയും വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. പിന്നീട് പോലിസ് പീഡനമായി ചിത്രീകരിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇവ എടുത്തത്. തെളിവുകളെല്ലാം തന്നെ ഫോറന്‍സിക് ലാബിന് കൈമാറിയിട്ടുമുണ്ട്. എല്ലാ തെളിവുകളും സുപ്രിംകോടതിക്കു മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മറ്റുള്ളവരെ സംഘര്‍ഷസ്ഥലത്തേക്ക് പോവാന്‍ ആഹ്വാനം ചെയ്തതിനും തെളിവുണ്ട്. ധനസമാഹരണത്തിനും വിതരണത്തിനും ആയുധങ്ങള്‍ വാങ്ങുന്നതിനും അവ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇവര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.സായുധസമരത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തതിന് എല്ലാ തെളിവുകളുമുണ്ടെന്നുമാണു മഹാരാഷ്ട്ര സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്. അറസ്റ്റിലായവര്‍ സമൂഹത്തില്‍ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നതു കൊണ്ടു മാത്രം വിട്ടയക്കണമെന്ന് ആവശ്യം ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അറസ്റ്റിലായവരുടെ മോചനത്തിനു വേണ്ടി ഇതുമായി ബന്ധമില്ലാത്ത അടിസ്ഥാനപരമായി അപരിചിതരായവര്‍ എങ്ങനെയാണ് സുപ്രിംകോടതിയെ സമീപിക്കുകയെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചോദിക്കുന്നു.
Next Story

RELATED STORIES

Share it