മനുഷ്യാവകാശ കമ്മീഷന്‍ സംഘം തൂത്തുക്കുടി സന്ദര്‍ശിക്കണം : ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റിനെതിരേ സമരം നടത്തിയ പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പിനെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വന്തം സംഘത്തെ അയക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കമ്മീഷന്‍ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം തങ്ങളുടെ സ്വന്തം പ്രതിനിധികളെ സംഭവസ്ഥലത്തേക്ക് അയച്ച് വിഷയം അന്വേഷിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നാണു ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയത്.
തൂത്തുക്കുടി കൂട്ടക്കൊലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ടിടപെടുകയോ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ പിന്നാക്ക, പട്ടികജാതി, വര്‍ഗ യൂനിയന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എ രാജരാജന്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.  സംഭവങ്ങളുടെ യഥാര്‍ഥ വശങ്ങള്‍ പരിശോധിക്കണമെന്ന തന്റെ ആവശ്യം മനുഷ്യാവകാശ കമ്മീഷന്‍ നിരാകരിച്ചുവെന്നും അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നുമാണ് രാജരാജന്‍ കോടതിയില്‍ വാദിച്ചത്.
സംഭവത്തില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരില്‍ നിന്ന് പതിവു നടപടികളുടെ ഭാഗമായി ഒരു റിപോര്‍ട്ട് തേടുക മാത്രമാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയ്തത്. അതേ ഡിജിപിയുടെ കീഴില്‍ തന്നെയുള്ള പോലിസ് സേനയാണ് കൂട്ടക്കൊല നടത്തിയിരിക്കുന്നതെന്നുമാണ് ഹരജിക്കാരന്‍ വാദിച്ചത്.
Next Story

RELATED STORIES

Share it