മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ആദിവാസികള്‍ക്കെതിരായ പോലിസ് അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ബസ്തര്‍ മേഖലയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നു വിശദീകരണം തേടി. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്റേഴ്‌സ് അലേര്‍ട്ട് ഇന്ത്യ എന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്‍ നടപടി. രണ്ടാഴ്ചയ്ക്കകം വസ്തുതാ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.പോലിസ് നിയമവിരുദ്ധമായാണ് മാധ്യമപ്രവര്‍ത്തകനായ പ്രഭാത് സിങിനെ അറസ്റ്റ് ചെയ്തതെന്നും കസ്റ്റഡിയില്‍ സിങ് പീഡനത്തിനിരയായെന്നും കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. സംസ്ഥാനത്തെ ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഗവേഷകര്‍ എന്നിവര്‍ക്കെതിരേ തുടരുന്ന അക്രമത്തിന്റെയും പീഡനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണിതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.തിങ്കളാഴ്ചയാണ് പ്രഭാത് സിങിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ സിങിനെ ഈ മാസം 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രദേശത്തെ കുപ്രസിദ്ധനായ പോലിസ് ഉദ്യോഗസ്ഥനെതിരേ സഭ്യേതരമായ വാട്‌സ് ആപ്പ് സന്ദേശം കൈമാറി എന്നാരോപിച്ചാണ് സിങിനെ അറസ്റ്റ് ചെയ്ത—തെങ്കിലും പോലിസ് അതിക്രമങ്ങള്‍ സംബന്ധിച്ച ഇദ്ദേഹത്തിന്റെ റിപോര്‍ട്ടാണ് നടപടിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. പ്രദേശത്തെ പ്രശസ്ത സന്നദ്ധപ്രവര്‍ത്തകയായ സോണി സോറിക്കും കുടുംബത്തിനും എതിരായ അതിക്രമങ്ങളെക്കുറിച്ച് സിങ് എഴുതാറുണ്ടായിരുന്നു.
Next Story

RELATED STORIES

Share it