മനുഷ്യാവകാശ കമ്മീഷന്‍ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അഭികാമ്യമല്ല

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട് പോലിസ് അസിസ്റ്റന്റ് സെന്ററുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവയുടെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കും.
നിലവില്‍ 150 സിവില്‍ പോലിസ് ഓഫിസര്‍മാരും 30 സിവില്‍ പോലിസ് ഓഫിസര്‍മാരും ടൂറിസം പോലിസുകാരായി ജോലി ചെയ്യുന്നുണ്ട്. കൂടുതല്‍ വനിതാ ടൂറിസം പോലിസിനെ വിന്യസിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.
വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സിസിടിവി കാമറാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കച്ചവടക്കാര്‍, ഗൈഡുകള്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍, യൂനിഫോം എന്നിവ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞുവെന്നും മുഹമ്മദ് മുഹ്‌സിന്‍ പി, സി ദിവാകരന്‍, ചിറ്റയം ഗോപകുമാര്‍, വി ആര്‍ സുനില്‍കുമാര്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധികാരപരിധികളില്‍ വരാത്ത കാര്യങ്ങളില്‍ ഇടപെടുകയും തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രവണത അഭികാമ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണക്കേസിലും വിദേശ വനിത കോവളത്ത് മരിച്ച സംഭവത്തിലും കമ്മീഷന്‍ സ്വീകരിച്ച നിലപാട് അനുചിതമായിരുന്നു. അതുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് പരാതി ലഭിക്കുകയോ ലംഘനം നടന്നെന്നു ബോധ്യപ്പെടുകയോ ചെയ്താല്‍ കമ്മീഷനു കേസെടുത്ത് അന്വേഷണം നടത്താം.
എന്നാല്‍, ഇത്തരം കേസുകളില്‍ കൃത്യമായ അന്വേഷണം നടത്താതെ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് അനുയോജ്യമാണെന്ന് കരുതുന്നില്ല. അതിനാലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ദോസ് കുന്നപ്പള്ളി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, വി പി സജീന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it