Kollam Local

മനുഷ്യാവകാശ കമ്മീഷന്‍ എന്ന സംഘടനയെ കുറിച്ച് അനേ്വഷിക്കാന്‍ കമ്മീഷന്‍ ഉത്തരവ്



കൊല്ലം: മനുഷ്യാവകാശ കമ്മീഷന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയെ കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്‍ അനേ്വഷണ വിഭാഗത്തെയാണ് കമ്മീഷന്‍   അംഗം കെ മോഹന്‍കുമാര്‍ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.മനുഷ്യാവകാശ കമ്മീഷന്‍ പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് കൊല്ലം ഇടയ്‌ക്കോട് സ്വദേശി ജോര്‍ജ് വര്‍ഗീസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയെ കുറിച്ച് അനേ്വഷിക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.  മനുഷ്യാവകാശ കമ്മീഷന്‍ എന്ന പേര് സംഘടനയ്ക്ക് എങ്ങനെ ലഭിച്ചു എന്ന് കമ്മീഷന്‍ അത്ഭുതപ്പെട്ടു. സംഘടനയുടെ പേരും രജിസ്‌ട്രേഷനും ഉപയോഗിച്ച് പൊതുജനങ്ങളെയും ഔദേ്യാഗിക സംവിധാനത്തെയും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും ഭാരവാഹികളെയും സംബന്ധിച്ച് അനേ്വഷണം നടത്തണം. സംഘടനയുടെ രജിസ്‌ട്രേഷനും രേഖകളും അനേ്വഷണവിഭാഗം പരിശോധിക്കണം. രണ്ടുമാസത്തിനകം അനേ്വഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംഘടനയുടെ രജിസ്‌ട്രേഷനെ കുറിച്ച് പരിശോധിക്കാന്‍ പരാതി പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ക്ക് കൈമാറി. നേരത്തെ ജോര്‍ജ് വര്‍ഗീസിനോട് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടിയെടുത്തത്.
Next Story

RELATED STORIES

Share it