മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്; തടവുകാരന്‍ ചികില്‍സകിട്ടാതെ മരിച്ചസംഭവം: നഷ്ടപരിഹാരം നല്‍കണം

കൊച്ചി: ആംബുലന്‍സ് ലഭ്യമല്ലെന്നു പറഞ്ഞ് യഥാസമയം ചികില്‍സ നല്‍കാതെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. എറണാകുളം അയ്യമ്പുഴ സ്വദേശി ജോമേഷ് ജോസാണു മരിച്ചത്. ജോമേഷിന്റെ മാതാവ് മേരി ജോസ് നല്‍കിയ പരാതിയിലാണ് നടപടി. നഷ്ടപരിഹാരം ജോമേഷിന്റെ മാതാവിനു നല്‍കണം. ജോമേഷിനെ മരണകാരണം ചികില്‍സിച്ച മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അശ്രദ്ധ കൊണ്ടാണോ അതോ ജയില്‍ അധികൃതരുടെ വീഴ്ച കൊണ്ടാണോ എന്നത് സര്‍ക്കാരിന് അനേ്വഷിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. 2015 മെയ് 24നാണ് ജോമേഷ് മരിച്ചത്. കാലടി പോലിസ് സ്റ്റേഷനിലെ മര്‍ദ്ദനമാണ് മരണം സംഭവിക്കാന്‍ കാരണമെന്നാണ് ആരോപണം. ജയിലില്‍ ഗുരുതരാവസ്ഥയിലായ ജോമേഷിന് ചികില്‍സ നല്‍കാന്‍ തയ്യാറായില്ലെന്ന് മാതാവ് മേരി ജോസ് പരാതിയില്‍ പറയുന്നു. വയറുവേദനയും ഛര്‍ദ്ദിയും കാരണമാണ് ജോമേഷ് ജയില്‍ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയത്. വയറുവേദനയെ തുടര്‍ന്ന് 2015 മെയ് 21ന് ജയില്‍ ഡോക്ടര്‍ ജോമേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കയച്ചെങ്കിലും വിദഗ്ധ ചികില്‍സ ആവശ്യമില്ലെന്നു പറഞ്ഞ് 22ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ തിരിച്ചയച്ചു. 23ന് വീണ്ടും വയറുവേദനയെ തുടര്‍ന്ന് ജയില്‍ ഡോക്ടര്‍ മെഡിക്കല്‍ കോളജിലേക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും ആംബുലന്‍സ് ലഭ്യമല്ലായിരുന്നതിനാല്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയില്ല. പിറ്റേന്ന് അബോധാവസ്ഥയിലായ ജോമേഷിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു എന്നാണ് ജയില്‍ ഡിജിപി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും ആംബുലന്‍സ്  ലഭ്യമല്ലെന്ന കാരണത്താല്‍ ചികില്‍സ ലഭിക്കാത്തത് തെറ്റാണെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. ഒരു ജീവന്റെ പ്രശ്‌നമായതിനാല്‍ വിഷയം വളരെ ഗൗരവമായി എടുക്കേണ്ടതായിരുന്നു. തടവുകാരെ  ഡോക്ടര്‍മാര്‍ കാര്യമായി പരിശോധിക്കാറില്ലെന്ന ആക്ഷേപം ശക്തമാണ്. കുറ്റവാളിയാണെങ്കിലും അല്ലെങ്കിലും തടവുകാരനായിരിക്കുമ്പോള്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മതിയായ ചികില്‍സയും പരിരക്ഷയും നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണെും അതില്‍ വീഴ്ചയുണ്ടായതു കാരണമാണ് ജോമേഷ് മരിക്കാനിടയായതെന്നും ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ജയില്‍ ഡിജിപിക്കും കൈമാറി.
Next Story

RELATED STORIES

Share it