മനുഷ്യസ്‌നേഹവും പ്രതിബദ്ധതയും

ലീലാ മേനോന്‍ 1932-2018 - എന്‍ പി ചെക്കുട്ടി

1985ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ട്രെയിനി സബ് എഡിറ്ററായി ഹൈദരാബാദില്‍ ഞാന്‍ ചേര്‍ന്ന കാലത്ത് പത്രത്തിന്റെ പ്രശസ്ത ലേഖകരില്‍ ഒരാളായി ലീലാ മേനോന്‍ അറിയപ്പെട്ടിരുന്നു. അന്നു കോട്ടയത്ത് പ്രവര്‍ത്തിക്കുകയായിരുന്ന അവരുടെ വാര്‍ത്തകള്‍ പലതും ഡെസ്‌ക്കിലിരുന്ന് കൈകാര്യം ചെയ്തുകൊണ്ടാണ് ലീലാ മേനോന്‍ എന്ന പത്രപ്രവര്‍ത്തകയെ ഞാന്‍ പരിചയപ്പെട്ടത്. പിന്നീട് 1987ല്‍ കൊച്ചി ഡെസ്‌ക്കിലേക്ക് മാറിയ കാലത്തും ലീലച്ചേച്ചിയുടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ടിവന്നിരുന്നു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വിവിധ ബ്യൂറോകളില്‍ മുതിര്‍ന്ന നിരവധി ലേഖകരുണ്ടായിരുന്നു. ഡല്‍ഹിയില്‍ എച്ച് കെ ദുവയും എ സൂര്യപ്രകാശുമൊക്കെ ജ്വലിച്ചുനില്‍ക്കുന്ന കാലം. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധിയായിരുന്നു ചെന്നൈയില്‍ റസിഡന്റ് എഡിറ്റര്‍. തിരുവനന്തപുരത്ത് കെ ഗോവിന്ദന്‍കുട്ടിയുടെ പ്രതാപകാലം.
അങ്ങനെയുള്ള പ്രതാപശാലികളായ പത്രപ്രവര്‍ത്തകര്‍ക്കിടയിലാണ് കോട്ടയത്തു നിന്ന് ലീലാ മേനോന്‍ എന്ന ബൈലൈന്‍ പത്രത്തിന്റെ വിവിധ എഡിഷനുകളില്‍ പ്രത്യക്ഷപ്പെട്ടത്; പലപ്പോഴും ഒന്നാം പേജില്‍. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദേശീയ എഡിഷനുകളില്‍ ഒന്നാം പേജില്‍ വാര്‍ത്തകളും ബൈലൈനും വരുകയെന്നു പറഞ്ഞാല്‍ അന്ന് അതു ചില്ലറക്കാര്യമായിരുന്നില്ല. കാരണം, അന്ന് ഇന്ത്യയിലെ മാധ്യമരംഗത്ത് ഏറ്റവും കരുത്തുറ്റ ശബ്ദമായി നിലനിന്ന പത്രം ഇന്ത്യന്‍ എക്‌സ്പ്രസ് തന്നെയായിരുന്നു. ബി ജി വര്‍ഗീസായിരുന്നു പത്രാധിപര്‍. പിന്നെ ഇന്ത്യ ടുഡേയില്‍ നിന്ന് സുമന്‍ ദുബെ വന്നു. ദുബെ ഡൂണ്‍ സ്‌കൂളില്‍ രാജീവ് ഗാന്ധിയുടെ സഹപാഠിയും ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരനുമായിരുന്നു. അക്കാരണം കൊണ്ടുതന്നെയാണ് അദ്ദേഹത്തെ രാംനാഥ് ഗോയങ്ക പത്രാധിപരായി കൊണ്ടുവന്നത്. കോണ്‍ഗ്രസും ഗോയങ്കയും തമ്മില്‍ തെറ്റിയപ്പോള്‍ ദുബെ പുറത്തായി. പിന്നീട് അരുണ്‍ ഷൂരിയായി താരം.
അതിനിടയില്‍ പ്രാദേശിക എഡിഷനുകളില്‍ പലരും ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്തകള്‍ പലതും കൊണ്ടുവന്നിരുന്നു. അതിലൊരാള്‍ ലീലാ മേനോനായിരുന്നു. അവര്‍ക്കു വലിയ പേരും പ്രശസ്തിയും നേടിക്കൊടുത്ത നിരവധി വാര്‍ത്തകളുണ്ട്. അക്കാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍ നിന്നു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ യൂറോപ്പില്‍ നഴ്‌സുമാരാക്കാമെന്നു പ്രലോഭിപ്പിച്ച് അങ്ങോട്ടു കൊണ്ടുപോവുന്ന ഒരു സംഘത്തിന്റെ വാര്‍ത്ത അവരാണ് പുറത്തുകൊണ്ടുവന്നത്. ക്രൈസ്തവ സഭയിലെ ഒരു അച്ചനായിരുന്നു അതിനു പിന്നില്‍. പെണ്‍കുട്ടികള്‍ എത്തിപ്പെട്ടത് ആതുരശുശ്രൂഷയുടെ രംഗത്തുതന്നെയായിരുന്നു. പക്ഷേ, നഴ്‌സ് ആയിട്ടല്ല; കര്‍ത്താവിന്റെ മണവാട്ടിയായി. അതേപ്പറ്റി അന്വേഷിക്കാനായി അച്ചന്റെ താമസസ്ഥലത്ത് എത്തിയ ലീലാ മേനോനും അച്ചനുമായി നടന്ന സംഭാഷണം അക്കാലത്തെ വലിയൊരു ഹിറ്റ് വാര്‍ത്തയായിരുന്നു. കക്ഷി ലേഖികയെ പടിക്കു പുറത്തുനിര്‍ത്തി. അകത്തുകേറാന്‍ തന്നെ സമ്മതിച്ചില്ല. ലീലച്ചേച്ചി പുറത്തു നിന്ന് അത്യുച്ചത്തില്‍ ചോദ്യങ്ങള്‍ എറിഞ്ഞു. സഹികെട്ട അച്ചന്‍ ചിലതിനൊക്കെ മറുപടി പറഞ്ഞു. ഒട്ടും സൗഹൃദഭാവത്തിലായിരുന്നില്ല അദ്ദേഹം. കക്ഷി വിചാരിച്ചത് ഈ സ്ത്രീ ഗതികെട്ട് പിന്തിരിഞ്ഞു പോയിക്കൊള്ളും എന്നായിരിക്കണം. പക്ഷേ, ചോദ്യവും ഉത്തരവും വള്ളിപുള്ളി വിടാതെ ലേഖിക പത്രത്തില്‍ നല്‍കി സംഭവം വലിയ സെന്‍സേഷനാക്കി.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ ദുരന്തവും വൈപ്പിന്‍ ദ്വീപിലെ മദ്യദുരന്തവും മലപ്പുറത്ത് അരുവാക്കോട്ടെ പരമ്പരാഗത കൈത്തൊഴില്‍ മേഖല തകര്‍ന്ന് വേശ്യാവൃത്തിയിലേക്ക് പോവേണ്ടിവന്ന സ്ത്രീകളുടെ കഥയുമൊക്കെ അവര്‍ കാലാകാലങ്ങളില്‍ വലിയ വാര്‍ത്തയാക്കി. പലതും വലിയ സാമൂഹികമാറ്റങ്ങള്‍ക്കു വഴിവച്ച റിപോര്‍ട്ടുകളായിരുന്നു. അരുവാക്കോട്ടെ മണ്‍പാത്രനിര്‍മാണം പുതിയ കലാശില്‍പങ്ങളുടെ രൂപത്തില്‍ പുനരാവിഷ്‌കരിക്കാന്‍ സാധിച്ചത് അവരുടെ ഇടപെടല്‍കൊണ്ടാണ്.
എനിക്ക് അവരുടെ വാര്‍ത്തകളില്‍ വളരെ ഇഷ്ടം തോന്നിയ ഒന്ന് പ്രശസ്തനായ എഴുത്തുകാരന്‍ രാജാറാവു കോട്ടയത്ത് ഏതോ ആശ്രമത്തില്‍ വന്ന വേളയില്‍ ലീലച്ചേച്ചി തയ്യാറാക്കിയ ഇന്റര്‍വ്യൂ ആയിരുന്നു. രാജാറാവു വെറും നോവലെഴുത്തുകാരനല്ല; അദ്ദേഹം ദാര്‍ശനികനായ എഴുത്തുകാരനായിരുന്നു. ആ അസാധാരണ മൗലിക പ്രതിഭയെ അതിന്റെ മാസ്മരശക്തി ഒട്ടും ചോര്‍ന്നുപോവാത്ത തലത്തിലാണ് ലീലാ മേനോന്‍ ആവിഷ്‌കരിച്ചത്. സാധാരണ വാര്‍ത്താലേഖകര്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്ന ഒരു വിഷയമായിരുന്നില്ല അത്.
വളരെ സ്‌നേഹമയിയായ ഒരു ജ്യേഷ്ഠസഹോദരിയായിരുന്നു ലീലച്ചേച്ചി ഞങ്ങള്‍ പുതുതലമുറയിലെ എല്ലാവര്‍ക്കും. ഇന്ത്യന്‍ എക്‌സ്പ്രസ് അന്ന് അത്തരത്തിലുള്ള ഒരു കുടുംബാന്തരീക്ഷം നിലനിര്‍ത്തിയ സ്ഥാപനമായിരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥിതിഗതികള്‍ മാറി. ഉന്നതമായ മാധ്യമപ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്ന സ്ഥാപനം വെറുമൊരു സര്‍ക്കാര്‍ ഓഫിസ് മാതിരിയായി. മേലാവിലിരിക്കുന്ന വിദ്വാന്മാരും താഴെയുള്ള സഹപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം മോശമായി. പലരും പത്രത്തില്‍ നിന്നു പുറത്തായി; ചിലരൊക്കെ രാജിവച്ചു. ലീലാ മേനോന്‍ 2000ല്‍ അങ്ങനെ അവിടെ നിന്നു പുറത്തിറങ്ങിയ വ്യക്തിയാണ്.
പിന്നീട് അവര്‍ പലയിടത്തും പ്രവര്‍ത്തിച്ചു. എല്ലായിടത്തും സ്വന്തമായ ഒരു വലയം തന്നെ സൃഷ്ടിച്ചു. പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായി. പലര്‍ക്കും മെച്ചപ്പെട്ട സ്ഥാപനങ്ങളിലേക്ക് വഴിതുറന്നുകൊടുത്തു. അങ്ങനെ പലതും. പക്ഷേ, ഇതൊക്കെ വലിയ കൊട്ടിഘോഷമില്ലാതെയാണ് ലീലച്ചേച്ചി നടത്തിയത്. 2006ല്‍ തേജസ് തുടങ്ങിയ സമയത്ത് അവര്‍ കൊച്ചിയില്‍ നിന്നു വിളിച്ചു. പത്രത്തിനു പറ്റിയ ഒരു ലേഖിക തന്റെ കൂടെയുണ്ട്. ഇന്റര്‍വ്യൂവിന് വരുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ. അങ്ങനെയാണ് ലീലച്ചേച്ചി. കുട്ടി വന്നു; തേജസില്‍ ചേര്‍ന്നു. പിന്നീട് കേരളത്തില്‍ കോടതി റിപോര്‍ട്ടിങിലൂടെ വലിയ പേരും പ്രശസ്തിയും നേടിയ ശബ്‌നാ സിയാദ് തേജസില്‍ എത്തിയത് അങ്ങനെയാണ്.
അങ്ങനെ ധാരാളം ഓര്‍മകള്‍. സ്‌നേഹത്തിന്റെ, പരസ്പരസഹായത്തിന്റെ, സ്‌നേഹദ്വേഷങ്ങളുടെ ഓര്‍മകള്‍. അവ അങ്ങനെ മായാതെ മറയാതെ പരിലസിക്കുന്നു. അവയ്ക്കിടയില്‍ നിന്നു പതുക്കെ അവര്‍ അപ്രത്യക്ഷയായിരിക്കുന്നു; വിട. ി
Next Story

RELATED STORIES

Share it