thrissur local

മനുഷ്യവിസര്‍ജ്യ സംസ്‌കരണത്തിന് ജില്ലാ ആശുപത്രിയില്‍ വന്‍ പദ്ധതി



തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ വികേന്ദ്രീകൃത അഴക്കുചാല്‍ പദ്ധതിക്കൊരുങ്ങുന്നു. ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ സ്വീവറേജ് പദ്ധതി നടപ്പിലാക്കും. കക്കൂസ് മാലിന്യസംസ്‌കരണത്തിനായി രാമവര്‍മ്മപുരത്തെ കോര്‍പ്പറേഷന്‍ അഗതി മന്ദിര കോമ്പൗണ്ടില്‍ സെപ്‌റ്റേജ് പദ്ധതിയും നടപ്പാക്കും. അമൃതം പദ്ധതിയുടെ ഭാഗമായി രണ്ട് കോടി ചിലവിലാണ് ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ 30 സെന്റ് സ്ഥലത്ത് പ്രതിദിനം 4 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സ്വീവറേജ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാആശുപത്രി, സെന്റ് തോമാസ് കോളജ്, സെന്റ് മേരീസ് കോജേ് ഉള്‍പ്പെടെ പ്രദേശത്തെ പ്രധാന സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്. ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കുണ്ടുകുളത്തി അധ്യക്ഷനായ അമൃതം പദ്ധതിയുടെ കോര്‍പ്പറേഷന്‍ തല കോര്‍പ്പറേഷന്‍ കമ്മിറ്റിയോഗം കഴിഞ്ഞ മാര്‍ച്ച് 16ന് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതാണ്. 12ന് ചേരുന്ന കൗണ്‍സില്‍ യോഗം നിര്‍ദ്ദേശം പരിഗണിക്കും. പദ്ധതി പ്രായോഗികമായാല്‍ കൂടുതല്‍ വികേന്ദ്രീകൃത സ്വീവറേജ് പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. പക്ഷെ ഇതുസംബന്ധിച്ച ചര്‍ച്ചകളല്ലാതെ പ്രോജക്ട് റിപ്പോര്‍ട്ടും വിശദാംഗങ്ങളും തയ്യാറായിട്ടില്ല. തൃശൂര്‍ കോര്‍പ്പറേഷനുള്ള 269.93 കോടിയുടെ അമൃതം പദ്ധതിയില്‍ 61 കോടി രൂപ സ്വിവേറജ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. അതിലുള്‍പ്പെടുത്തിയാണ് വികേന്ദ്രീകൃത പദ്ധതിയും ഏറ്റെടുക്കുന്നത്. വഞ്ചിക്കുളം പാടത്ത് സ്ഥലമെടുത്ത് കേന്ദ്രീകൃത പദ്ധതി നടപ്പാക്കാനാണ് അമൃതം പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ പദ്ധതി കാര്യമായി മുന്നോട്ട് പോയിട്ടില്ല. വഞ്ചിക്കുളം പാടത്ത് തന്നെ കൃഷിവകുപ്പ് മലിനജല സംസ്‌കരണപദ്ധതിയും തയ്യാറാക്കി വരുന്നുണ്ട്. വഞ്ചിക്കുളം സ്വിവറേജ് പദ്ധതിക്കുമുമ്പേയാണ് ജില്ലാ ആശുപത്രി പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നത്. 2015ല്‍ തുടങ്ങിയ അമൃതം പദ്ധതി 2020ല്‍ കാലാവധി തീരുമെന്നതിനാല്‍ അതിന് മുമ്പേ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ 269 കോടിയുടെ പദ്ധതിയില്‍ 76 ലക്ഷം രൂപയുടെ പീച്ചിയിലെ ഡാമില്‍നിന്നുള്ള വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റം പദ്ധതിയൊഴികെ പദ്ധതികളൊന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.മറ്റത്തൂരില്‍ സെപ്ടിക് ടാങ്ക് മാലിന്യം സംസ്‌കരണത്തിന് 3.6 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കോര്‍പ്പറേഷനു അനുവദിച്ചതാണെങ്കിലും പദ്ധതിക്കെതിരെ അവിടെ ഉയര്‍ന്ന ജനകീയ സമരത്തെ തുടര്‍ന്ന് പദ്ധതി കോര്‍പ്പറേഷന്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് രാമവര്‍മ്മപുരത്തെ കോര്‍പ്പറേഷന്റെ സ്വന്തം സ്ഥലമായ അഗതിമന്ദിരം വളപ്പില്‍ സെപ്‌റ്റേജ് സംവിധാനം ഒരുക്കാന്‍ കഴിഞ്ഞ മേയ് 3ന് ചേര്‍ന്ന അമൃതം കോര്‍പ്പറേഷന്‍ തല കോര്‍പ്പറേഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചത്. ഇതും അടുത്ത കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ അംഗീകാരത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്‍സില്‍ അംഗീകരിച്ചാലേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ.ആറ് കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 50 സെന്റ് സ്ഥലമാണ് അനുവദിക്കുന്നത്. പ്രതിദിനം 100 ഘന മീറ്റര്‍ കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന വലിയ സംവിധാനമാണിവിടെ ഒരുക്കുന്നത്. കക്കൂസ് മാലിന്യം ടാങ്കുകളില്‍ ശേഖരിച്ച് പ്ലാന്റിലെത്തിച്ചാണ് സംസ്‌കരണം നടത്തുക. കക്കൂസ് മാലിന്യം റോഡരികിലും പൊതുസ്ഥലങ്ങളിലും തട്ടുന്നത് വന്‍പ്രതിഷേധത്തിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് കോര്‍പ്പറേഷനതിര്‍ത്തിയില്‍തന്നെ പ്ലാന്റിന് സൗകര്യമൊരുക്കാന്‍ തീരുമാനമുണ്ടായത്.കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് ലാലൂരില്‍ സ്ഥാപിക്കാന്‍ 70കളില്‍ അന്നത്തെ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനമെടുത്ത് പദ്ധതി തുടങ്ങിയതായിരുന്നു. ഇപ്പോഴവിടെ നോക്കുകുത്തിയായി നില്‍ക്കുന്ന മൂന്ന് വന്‍ ടാങ്കുകള്‍ പദ്ധതിയുടെ ഭാഗമായി അന്ന് പണിതതായിരുന്നു. പക്ഷെ പദ്ധതി പൂര്‍ത്തിയാക്കാനായില്ല. സംസ്ഥാനത്താദ്യമായി തോട്ടിപണി നിരോധനം നടപ്പാക്കിയ തൃശൂര്‍ നഗരസഭ അതിന് പരിഹാരമായാണ് അന്ന് പദ്ധതി ഏറ്റെടുത്തത്. 26 ഏക്കര്‍ വരുന്ന ലാലൂരില്‍ സെപ്‌റ്റേജ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശമുയര്‍ന്നെങ്കിലും നഗരത്തിലെ മാലിന്യങ്ങളൊന്നും ലാലൂരിലേക്ക് ഇനി കൊണ്ടുപോകാനാകില്ലെന്ന നിലപാട് നഗരസഭാനേതൃത്വം സ്വീകരിക്കുകയായിരുന്നു. എട്ട് വര്‍ഷമായി ലാലൂര്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ട് പൂട്ടിയിട്ടിരിക്കയാണ്. പകരം സ്ഥലവും സംവിധാനവുമൊരുക്കി കോര്‍പ്പറേഷന് മാലിന്യപ്രശ്‌നപരിഹാരത്തിന് കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it