thrissur local

മനുഷ്യക്കടത്ത് വിവാദത്തിന്റെ ബാക്കിപത്രം തേടുന്ന 'അറിയപ്പെടാത്ത ജീവിതങ്ങള്‍' പ്രദര്‍ശനം ഇന്ന്

തൃശൂര്‍: 1970കളില്‍ കേരളത്തിലെയും അന്നത്തെ പശ്ചിമ ജര്‍മ്മനിയിലെയും കത്തോലിക്ക സഭകളെ പ്രതിക്കൂട്ടിലാക്കുകയും രാജ്യാന്തര മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്ത മനുഷ്യക്കടത്ത് വിവാദം ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്ററി സിനിമ ‘അറിയപ്പെടാത്ത ജീവിതങ്ങള്‍’ ഇന്ന് പാട്ടുരായ്ക്കല്‍ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളില്‍ വൈകീട്ട് അഞ്ചിന് പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ രാജു റാഫേല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംവിധായകന്‍ പ്രിയ നന്ദനന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സി.എം.ഐ ദേവമാത പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ ജെറോം ചെറുശ്ശേരി മുഖ്യാതിഥിയായിരിക്കും. റാഫേല്‍ ആന്റ് മേനോന്‍ മീഡിയയുടെ ബാനറില്‍ ദിനേശ് കല്ലറയ്ക്ക്കലാണ് മലയാളം, ജര്‍മ്മന്‍ ഭാഷകളിലായി ചിത്രീകരിച്ചിരിക്കുന്ന അറിയപ്പെടാത്ത ജീവിതങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഡോക്യുമെന്ററി ഫിലിം മേക്കറും കേരള പ്രസ് അക്കാഡമിയുടെ മുന്‍ ഡയറക്ടറുമായ രാജു റാഫേലും മാധ്യമ പരിശീലകനും ഗവേഷകനുമായ കെ രാജഗോപാലും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പ്രവാസി എഴുത്തുകാരനായ ജോസ് പുന്നാംപറമ്പില്‍ ചിത്രത്തിന്റെ ഗവേഷണം നിര്‍വഹിച്ചു. രാഷ്ട്രങ്ങളെ പിടിച്ചുകുലുക്കിയ മനുഷ്യക്കടത്ത് വിവാദത്തിന്റെ സത്യാവസ്ഥയും ബാക്കിപത്രവും  വെളിപ്പെടുത്തുകയാണ്’അറിയപ്പെടാത്ത ജീവിതങ്ങള്‍ ഡോക്യുമെന്ററി. രാജു റാഫേലും ജോസ് പുന്നാംപറമ്പിലും കെ രാജഗോപാലും ചേര്‍ന്ന് ഒരു വര്‍ഷം നീണ്ട അന്വേഷണം ജര്‍മ്മനിയിലും ഇന്ത്യയിലും നടത്തിയാണ് ഡോക്യൂമെന്ററി നിര്‍മ്മിച്ചത്. അറുപതുകളിലും എഴുപതുകളിലും ജര്‍മ്മനിലെത്തിലെത്തിയ മലയാളി കന്യാസ്ത്രീകളുടെ അറിപ്പെടാത്ത ജീവിത കഥയും 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി പറയുന്നു. ജൂലൈ മാസത്തില്‍ ജര്‍മ്മനിയിലെ വിവിധ കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ ജെറോം ചെറുശ്ശേരിയും പങ്കെടുത്തു.
Next Story

RELATED STORIES

Share it