മനുഷ്യക്കടത്ത് നിരോധന, പുനരധിവാസ ബില്ല് പാസാക്കി

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് പ്രതികള്‍ക്കു ജീവപര്യന്തം വരെ തടവ് വ്യവസ്ഥചെയ്യുന്ന മനുഷ്യക്കടത്ത് നിരോധന, പുനരധിവാസ ബില്ല് ലോക്‌സഭ പാസാക്കി.
മനുഷ്യക്കടത്ത് ഇരകളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണവും പുനരധിവാസവും നിയമസഹായം ഉറപ്പാക്കുന്നതാണ് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകഗാന്ധി അവതരിപ്പിച്ച ബില്ല്. മനുഷ്യക്കടത്തു തടയുന്നതിന് അഖിലേന്ത്യാ ബ്യൂറോയ്ക്കു രൂപംനല്‍കും. ബന്ധപ്പെട്ട കേസുകള്‍ ഏകോപിപ്പിച്ചു കൈകാര്യം ചെയ്യേണ്ട ചുമതലയാണ് ഏജന്‍സിയുടേത്. ഇരകളുടെ പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മേല്‍നോട്ടം വഹിക്കുന്നതിനു സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കും.
മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നു കരുതുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ നിരീക്ഷിക്കാനുള്ള അധികാരത്തോടൊപ്പം മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളെയും സാമൂഹിക പ്രവര്‍ത്തകരെയും നിയമനിര്‍വഹണ സംവിധാനങ്ങളുമായി ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയും ബ്യൂറോയുടെ ലക്ഷ്യങ്ങളാണ്.
പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ദേശീയ ഏജന്‍സി, സംസ്ഥാനതലത്തില്‍ ചുമതല നോഡല്‍ ഓഫിസര്‍ക്ക്. ഇരയ്ക്കുള്ള നഷ്ടപരിഹാരം 30 ദിവസത്തിനകം. ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര ഫണ്ട്. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ. ഒരു ലക്ഷം രൂപയില്‍ കുറയാതെ പിഴ. കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ജില്ലകളിലും പ്രത്യേക കോടതി.
ഒരു വര്‍ഷത്തിനകം കേസില്‍ തീര്‍പ്പുകല്‍പ്പിക്കണം തുടങ്ങിയവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.
Next Story

RELATED STORIES

Share it