Idukki local

മനുഷ്യക്കടത്തിനെതിരേ കുടുംബശ്രീ പദ്ധതി: പരിശീലനം ഇന്നുമുതല്‍

തൊടുപുഴ: മനുഷ്യക്കടത്തിനെതിരായി ഇടുക്കിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മനുഷ്യക്കടത്തിനെ നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മനുഷ്യക്കടത്തിനെതിരായി കേന്ദ്ര ഗവണ്‍മെന്റ് എന്‍.ആര്‍.എല്‍.എം ഫണ്ടുപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ മൂന്ന് ബ്ലോക്കുകളെ ഉള്‍പ്പെടുത്തി കുടുംബശ്രീ മുഖേനയാണ് ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, വയനാട് ജില്ലയിലെ മാനന്തവാടി, ഇടുക്കി ജില്ലയിലെ ദേവികുളം എന്നീ ബ്ലോക്ക് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ മനുഷ്യക്കടത്തിനിരയായിട്ടുള്ള ആളുകളെയും ആകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് ഗ്രൂപ്പിനെയും കണ്ടെത്തി അവര്‍ക്ക് പുനരധിവാസത്തിനായുള്ള പദ്ധതി തയ്യാറാക്കും. ഇരയാകാന്‍ സാധ്യതയുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കും. ദേവികുളം ബ്ലോക്കിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദേവികുളത്ത് മൈഗ്രേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഹൈറിസ്‌ക് ഗ്രൂപ്പില്‍ വരുന്ന ആളുകളെ കണ്ടെത്തുന്നതിനായി പരിശീലനം സിദ്ധിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ മുഖേന പ്രത്യേക സര്‍വെ ഈ ബ്ലോക്കുകളിലെ പഞ്ചായത്തുകളില്‍ പൂര്‍ത്തിയാക്കി. മനുഷ്യക്കടത്ത് എന്ന തിന്മയെക്കുറിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കും ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുമാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഇന്നു രാവിലെ 10.30ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളിലാണ് പരിശീലനം ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമി അധ്യക്ഷത വഹിക്കും. ജില്ലാകലക്ടര്‍ വി രതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ക്രൈംബ്രാഞ്ച് ഐ.ജി.യും ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് നോഡല്‍ ഓഫിസറുമായ എസ് ശ്രീജിത്ത് വിഷയാവതരണം നടത്തും.
Next Story

RELATED STORIES

Share it