Flash News

മനുഷ്യകവചം : ന്യായീകരിച്ച് കരസേനാ മേധാവി ; യുദ്ധത്തെ നേരിടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടി വരും



കെ  എ  സലിം

ന്യൂഡല്‍ഹി:  കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കിയതിനെ ന്യായീകരിച്ച് കരസേനാ മേധാവി ബിബിന്‍ റാവത്ത്. കശ്മീരില്‍ നടക്കുന്നത് മറ്റൊരാളെ മുന്‍നിര്‍ത്തിയുള്ള യുദ്ധമാണ്. അത് വൃത്തികെട്ട യുദ്ധമാണ്. ഇത്തരം യുദ്ധത്തെ നേരിടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടിവരുമെന്ന് റാവത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആളുകള്‍ തങ്ങള്‍ക്കു നേരെ കല്ലെറിയുന്നു; പെട്രോള്‍ ബോംബുകള്‍ എറിയുന്നു. എന്റെ സൈനികര്‍ എന്നോട് ചോദിക്കുന്നു, എന്തു ചെയ്യുമെന്ന്. അവിടെ കിടന്നു മരിക്കാനാണോ ഞാന്‍ പറയേണ്ടത്. നല്ലൊരു ശവപ്പെട്ടിയില്‍ പൊതിഞ്ഞ് ദേശീയപതാക പുതപ്പിച്ച് മൃതദേഹം ബഹുമതികളോടെ വീട്ടിലേക്ക് എത്തിക്കാമെന്നാണോ അവരുടെ മേധാവിയെന്ന നിലയില്‍ ഞാന്‍ പറയേണ്ടത്. അവിടെ പട്രോളിങ് നടത്തുന്ന സൈന്യത്തിന്റെ ആത്മവീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്- റാവത്ത് പറഞ്ഞു. കഴിഞ്ഞമാസം ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹ്മദ് ദറിനെ (26) സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചം തീര്‍ത്തത്. ഇതിന് ഉത്തരവാദിയായ മേജര്‍ ലീതുല്‍ ഗൊഗോയിയെ സൈനിക ബഹുമതി നല്‍കി ആദരിച്ച നടപടി വിവാദമായിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിനാണ് സംഭവത്തെ ന്യായീകരിച്ച് സൈനികമേധാവി മറുപടി നല്‍കിയത്. ദുര്‍ഘടമായ സാഹചര്യത്തില്‍ മറ്റു യുവസൈനിക ഉദ്യോഗസ്ഥരുടെ ആത്മവീര്യം ഉയര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് ഗൊഗോയിക്ക് സൈനിക ബഹുമതി നല്‍കിയതെന്ന് റാവത്ത് പറഞ്ഞു. കശ്മീരിലെ പ്രതിഷേധക്കാര്‍ കല്ലെറിയുന്നതിന് പകരം തങ്ങള്‍ക്കെതിരേ വെടിവച്ചിരുന്നെങ്കിലെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമായിരുന്നു. അങ്ങനെ ചെയ്താല്‍ എനിക്ക് കൂടുതല്‍ സന്തോഷം തോന്നും. അങ്ങനെ വന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടതുപോലെ കാര്യങ്ങള്‍ ചെയ്യാമല്ലോ. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ സൈന്യത്തോടുള്ള പേടി നഷ്ടപ്പെട്ടാല്‍ ആ രാജ്യം അവസാനിക്കും. നിങ്ങളുടെ പ്രതിയോഗികള്‍ നിങ്ങളെ ഭയപ്പെടുന്നതുപോലെ നിങ്ങളുടെ രാജ്യത്തെ ജനങ്ങളും നിങ്ങളെ ഭയപ്പെടണം. നമ്മുടേത് ഒരു സൗഹൃദപരമായ സൈന്യമാണ്. എന്നാല്‍, ക്രമസമാധാനപ്രശ്‌നത്തിന്റെ പേരില്‍ സൈന്യത്തെ വിളിക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങള്‍ സൈന്യത്തെ ഭയപ്പെടണം. എന്നിരുന്നാലും കശ്മീരിലെ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്ത് പരമാവധി നിയന്ത്രണം പുലര്‍ത്താറുണ്ടെന്നും സൈനികമേധാവി പറഞ്ഞു. ഞാന്‍ കശ്മീരിലെ യുദ്ധഭൂമിയിലല്ല നില്‍ക്കുന്നത്. അവിടെ നടക്കുന്ന കാര്യങ്ങള്‍ നേരിട്ടു നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it