Flash News

മനീഷ് സിസോദിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്‌



ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിയമസഭാംഗം എന്ന നിലയില്‍ സാമ്പത്തിക നേട്ടമുള്ള മറ്റൊരു പദവി കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതി തിരഞ്ഞടുപ്പ് കമ്മീഷന്‍ തള്ളി. സിസോദിയ ഉപമുഖ്യമന്ത്രി എന്ന നിലയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നുമായിരുന്നു ബിജെപി നേതാവ് വിവേക് ഗാര്‍കിന്റെ പരാതി. സിസോദിയയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, വിവിധ സംസ്ഥാനങ്ങളില്‍ ഉപമുഖ്യമന്ത്രി പദവിയുണ്ടെന്നും ഇത് സാമ്പത്തിക നേട്ടമുള്ള പദവിയായി കണക്കാക്കാനാവില്ലെന്നും തിരഞ്ഞടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യം കമ്മീഷന്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്.  നേരത്തേ, 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത് ഭരണഘടനാ ലംഘനമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത് മറികടക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് രാഷ്ട്രപതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് എംഎല്‍എമാര്‍ ഇരട്ടപദവി വഹിച്ചെന്ന് ആരോപിച്ച് ഡല്‍ഹി സ്വദേശിയായ പ്രശാന്ത് പട്ടേല്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രപതി പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും കമ്മീഷന്‍ എംഎല്‍എമാരോട് വിശദീകരണം ചോദിക്കുകയും ചെയ്തതോടെ ഡല്‍ഹി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബില്ല് കൊണ്ടുവരുകയായിരുന്നു. ഈ ബില്ലാണ് രാഷ്ട്രപതി തള്ളിയത്.
Next Story

RELATED STORIES

Share it