malappuram local

മനാഫ് വധം ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

മഞ്ചേരി: എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ അബ്ദുല്‍ മനാഫ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.  എടവണ്ണ പോലിസാണ് മഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ ഇക്കാര്യം അറിയിച്ചത്. കേസില്‍ പ്രതികളായ എടവണ്ണ മുേണ്ടങ്ങര മാലങ്ങാടന്‍ ഷെഫീഖ് (40), സഹോദരന്‍ മാലങ്ങാടന്‍ ഷെരീഫ് (45), നിലമ്പൂര്‍ ജനതപ്പടി മുനീര്‍, വാഴക്കാട് എളമരം കബീര്‍ എന്നിവരാണ് വിചാരണയ്ക്ക് ഹാജരാവാതിരുന്നത്.
1995 ഏപ്രില്‍ 13നാണ് ഒതായി അങ്ങാടിയില്‍ വച്ച് ഓട്ടോഡ്രൈവറായ മനാഫ് കൊല്ലപ്പെടുന്നത്. സംഭവം നടന്ന് 23 വര്‍ഷമായിട്ടും ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതില്‍ പോലിസ് വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട  മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് കഴിഞ്ഞ 30ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയം ആവശ്യപ്പെട്ട പോലിസ് പിന്നീട് പ്രതികള്‍ വിദേശത്താണെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഈ കേസില്‍ നേരത്തെ രണ്ടാം പ്രതിയായിരുന്നു. ഒന്നാം സാക്ഷിയടക്കമുള്ളവര്‍ കൂറു മാറിയതിനെ തുടര്‍ന്ന് പി വി അന്‍വര്‍ അടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it