malappuram local

മനാഫ് കൊലക്കേസ്: പ്രതികളെ പിടികൂടിയില്ല, പോലിസിനെതിരേ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരങ്ങള്‍

മലപ്പുറം: എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കഴിഞ്ഞ 23 വര്‍ഷമായി പിടികൂടാത്ത പോലിസിനെതിരേ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നു മനാഫിന്റെ സഹോദരങ്ങളും പിതൃസഹോദരനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊലപാതകക്കേസ് പ്രതികളെ സംരക്ഷിക്കുന്ന പി വി അന്‍വര്‍ എംഎല്‍എക്കെതിരേ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും എംഎല്‍എയുടെ സഹോദരീ പുത്രന്‍മാരാണ് പ്രതികളെന്നും സഹോദരങ്ങള്‍ പറഞ്ഞു. 1995 ഏപ്രില്‍ 13ന് പട്ടാപ്പകലാണ് ഒതായി അങ്ങാടിയില്‍ മനാഫിനെ ദാരുണമായി കൊലപ്പെടുത്തിയത്.
കേസിലെ ഒന്നാം പ്രതി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്‍ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് (51) എന്നിവര്‍ ഗള്‍ഫില്‍ ഒളിവില്‍ താമസിക്കുകയാണെന്നും ഇവര്‍ പലതവണ നാട്ടില്‍ വന്നുപോയിട്ടും പോലിസ് അറസ്റ്റു ചെയ്തിട്ടില്ലെന്നും സഹോദരങ്ങള്‍ പറഞ്ഞു. കൊലപാതകം നടന്ന് 23 വര്‍ഷമായിട്ടും ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്ന് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് നല്‍കിയ ഹര്‍ജിയിലാണ് പ്രതികളെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പിടികൂടാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ഇക്കഴിഞ്ഞ ജൂലൈ 25ന് ഉത്തരവിട്ടത്.
ഇതിനു ശേഷമാണ് ആഗസ്ത് 30ന് എളമരം ചെറുവായൂര്‍ പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി വി അന്‍വര്‍. സെഷന്‍സ് കോടതി വിധി റദ്ദാക്കി. അന്‍വര്‍ അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായിട്ടും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് പോലിസ്.
മനാഫിന്റെ സഹോദരങ്ങളായ പി പി അബ്ദുല്‍ റസാഖ്, ഫാത്തിമ, മൂന്‍സൂര്‍, പിതൃസഹോദരന്‍ അബൂബക്കര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it