Flash News

മനസ്സറിയും ഇയര്‍ഫോണ്‍; മലയാളി വിദ്യാര്‍ഥി ലോകശ്രദ്ധയിലേക്ക്



കൊച്ചി: മനുഷ്യന്റെ തലച്ചോറിലെ തരംഗങ്ങള്‍ രേഖപ്പെടുത്തി മാനസികാവസ്ഥ തിരിച്ചറിയാനാവുന്ന തരത്തില്‍ മലയാളി വിദ്യാര്‍ഥി നിതിന്‍ വസന്ത് വികസിപ്പിച്ചെടുത്ത ഇയര്‍ഫോണ്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു. അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ അവതരിപ്പിക്കപ്പെട്ട, ന്യൂറോ ബഡ്‌സ് എന്നു പേരിട്ടിട്ടുള്ള മനസ്സു വായിക്കുന്ന ഈ സ്മാര്‍ട്ട് ഇയര്‍ഫോണുകള്‍ ഇന്റെല്‍, ബോഷ് എന്നീ ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെയാണ് വികസിപ്പിക്കുന്നത്. താമസിയാതെ ഇത് ഉല്‍പന്നമായി വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ നിതിന്‍ വസന്തിന് രാജീവ് സര്‍ക്കിള്‍ ഫെലോഷിപ്പ് നേടിക്കൊടുത്ത കണ്ടുപിടിത്തമാണിത്. ഈ ഫെലോഷിപ്പിന്റെ പിന്തുണയോടെയാണ് നിതിന്‍ സിലിക്കണ്‍വാലിയിലെത്തിയത്. തലച്ചോറിന്റെ പ്രവര്‍ത്തനവും ഹൃദയമിടിപ്പിന്റെ നിരക്കുമെല്ലാം വ്യക്തമായി അറിയാന്‍ ന്യൂറോ ബഡ്‌സിനു കഴിയുമെന്ന് നിതിന്‍ പറഞ്ഞു. ന്യൂറോ ബഡ്‌സ് തരുന്ന വിവരങ്ങളില്‍ നിന്ന് ഒരാളുടെ മാനസിക സമ്മര്‍ദത്തിന്റെ തോത് അറിയാനാകും. അതിനനുസരിച്ച് ആവശ്യമായ വിശ്രമം ക്രമീകരിക്കാം. അഹ്മദാബാദില്‍ നടന്ന മേക്കര്‍ ഫെസ്റ്റില്‍ അവതരിപ്പിച്ചപ്പോഴാണ് ഈ ഉല്‍പന്നം നിതിന് രാജീവ് സര്‍ക്കിള്‍ ഫെലോഷിപ് നേടിക്കൊടുത്തത്. ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട പത്തു വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു നിതിന്‍.
Next Story

RELATED STORIES

Share it