Just In

മനം മാറുന്നവരെ മതം മാറ്റുന്നവര്‍

മനം മാറുന്നവരെ മതം മാറ്റുന്നവര്‍
X


ടി.വി ഹമീദ്
താനും മാസങ്ങളായി കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങളിലും മലയാളികള്‍ സജീവമായ സൈബര്‍ ഇടങ്ങളിലും ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു വിഷയീഭവിച്ചതായി കാണുന്നത് കേരളത്തില്‍ നടന്ന രണ്ടു മതംമാറ്റ സംഭവങ്ങളാണ്. അവയിലൊന്ന് വൈക്കം സ്വദേശിനിയായ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനി അഖില ഇസ്‌ലാം സ്വീകരിച്ചു ഹാദിയ ആയതാണ്.
2013ല്‍ തന്റെ സഹപാഠികളുമായുള്ള സഹവാസത്തിനിടയില്‍ ഇസ്‌ലാമില്‍ ആകൃഷ്ടയായ അഖില ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. തുടര്‍പഠനത്തിനു വേണ്ടിയാണ് മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സത്യസരണിയില്‍ അവരെത്തിയത്. പിതാവിന്റെ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹാജരായ ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്നു വ്യക്തമാക്കുകയും ചെയ്തു. വീട്ടില്‍ തന്റെ പുതു വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ സുഹൃത്തായ എ.എസ്. സൈനബയുടെ രക്ഷാധികാരത്തില്‍ ജീവിക്കാനും സത്യ സരണിയില്‍ പഠനം തുടരാനും അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതു കോടതി അംഗീകരിക്കുകയായിരുന്നു.
ഇത്രയും കാര്യങ്ങള്‍ ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്കകത്തു സ്വാഭാവികമായി നടക്കേണ്ടതും നടക്കുന്നതുമായ കാര്യങ്ങളാണ്. ഇതില്‍ ഹാദിയ ഇസ്‌ലാമിനെ പഠിച്ചതോ അതില്‍ ആകൃഷ്ടയായി അതു സ്വീകരിച്ചതോ ഇന്ത്യയിലെ നിലവിലുള്ള ഒരു നിയമപ്രകാരവും കുറ്റകരമല്ല. ഹാദിയക്ക് അവരുടെ മുസ്‌ലിം കൂട്ടുകാരികള്‍ ആരെങ്കിലും ഇസ്‌ലാമിനെപ്പറ്റി പറഞ്ഞുകൊടുക്കുകയോ ഇസ്‌ലാമിനെ മനസ്സിലാക്കാനുള്ള ഏതെങ്കിലും പുസ്തകങ്ങള്‍ നല്‍കുകയോ പ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതും നിയമപരമായി അനുവദനീയമായ പ്രചാരണ സ്വാതന്ത്ര്യത്തില്‍പ്പെടുന്നു. മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനം ഇസ്‌ലാമിനെക്കുറിച്ചു പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹ്രസ്വകാലത്തേക്ക് അവിടെ താമസിച്ചു പഠിക്കാനുള്ള സൗകര്യത്തോടു കൂടി സ്ഥാപിക്കപ്പെട്ട ഒരു സ്ഥാപനമാണ്. അത്തരമൊരു സ്ഥാപനം നടത്താന്‍ ഏതെല്ലാം നിയമപരമായ അംഗീകാരങ്ങള്‍ ആവശ്യമാണോ അതെല്ലാം പൂര്‍ത്തിയാക്കിയാണ് ആ സ്ഥാപനം നടന്നുവരുന്നത്. പഠിതാക്കള്‍ മതപരിവര്‍ത്തനം ചെയ്തവരാണെങ്കില്‍ അതിനാവശ്യമായ നിയമപരമായ രേഖകള്‍  ഹാജരാക്കുന്നവരെ മാത്രമേ അവിടെ പ്രവേശിപ്പിക്കുകയുള്ളൂ. സ്ഥാപന അധികൃതര്‍ നിരവധി തവണ വ്യക്തമാക്കിയതുപോലെ അതൊരു മതപരിവര്‍ത്തന കേന്ദ്രമല്ല. അവിടെ വച്ച് ആരും മതം മാറുന്നുമില്ല.
മേല്‍വിവരിച്ചതുപോലുള്ള നിയമാനുസൃതമായ ഒരു അവകാശ പ്രക്രിയയില്‍ പല കാരണങ്ങളാല്‍ അസഹിഷ്ണുത തോന്നുന്നവര്‍ക്ക് അതു തടയാനുള്ള പോംവഴി ഈ പ്രക്രിയക്കു നിയമവിരുദ്ധതയുടെ ഒരാവരണം അണിയിക്കുക എന്നതാണ്. മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരം പശ്ചാത്തല നിര്‍മിതി അനായാസം സാധ്യമാവുന്ന ഒരു സാമൂഹിക സാഹചര്യം രാജ്യത്തിനകത്തു പതിറ്റാണ്ടുകളായി വളര്‍ത്തപ്പെട്ടിരിക്കുന്നു. മുസ്‌ലിം അപരനെക്കുറിച്ച ആശങ്കകള്‍ പേറുന്ന ഈ പൊതു ബോധത്തിന്റെ ഭാഗമാവുന്നതില്‍ ഭരണകൂടമോ ന്യായാസനങ്ങളോ ഒഴിവാകുന്നില്ല എന്നുമാത്രമല്ല, അതിന് ഏറക്കുറേ ഔദ്യോഗിക സമ്മതിയും ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ഒട്ടും വൈദഗ്ധ്യമില്ലാതെ രചിക്കപ്പെടുന്ന ഒരു പൊട്ടന്‍കഥ കൊണ്ട് ഒരു മുസ്‌ലിം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ അപ്പാടെ റദ്ദ് ചെയ്യാനാവുമെന്ന സാഹചര്യമാണുള്ളത്. വിശ്വാസയോഗ്യമായ തെളിവുകളെ മാത്രം ആശ്രയിച്ചു വിധിതീര്‍പ്പുകള്‍ നടത്താന്‍ ബാധ്യസ്ഥമായ കോടതികള്‍ പോലും അയുക്തികത നിറഞ്ഞ ഒരു പൈങ്കിളിക്കഥയില്‍ മയങ്ങി വീണുപോവും വിധം ദരിദ്രമാണ് ഒരു മുസ്‌ലിമിന്റെ നിയമപരിരക്ഷയുടെ പരിസരമെന്നു നമ്മെ പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് ഹാദിയ വിഷയത്തില്‍ പിന്നീടുണ്ടായത്.
മുകളില്‍ വിവരിച്ച തരത്തില്‍ നിയമം നിയമത്തിന്റൈ വഴിയെ സഞ്ചരിക്കുന്നത് പൊടുന്നനെ അവസാനിക്കുകയും കോടതി സ്വയം മറന്നു രക്ഷിതാവ് ചമയുകയും മുസ്‌ലിം സമൂഹത്തെക്കുറിച്ച പൊതുബോധത്തിലെ ഉല്‍ക്കണ്ഠകള്‍ പുറത്തെടുത്തു വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു. ഒരു 24 കാരിയായ യുവതിയെ അവരുടെ ആഗ്രഹത്തിനും ആവശ്യത്തിനും വിരുദ്ധമായി മാതാപിതാക്കളുടെ കൂടെ ബലമായി പറഞ്ഞയച്ചു. കേരള ഹൈക്കോടതിയുടെ അസാധാരണവും നിയമബാഹ്യവുമായ ഈ നടപടിക്കു നിദാനം തന്റെ മകള്‍ ഐ.എസിലേക്കു പോവാന്‍ ശ്രമിക്കുന്നു എന്ന പിതാവിന്റെ പരാതിയാണ്. നേരത്തേ ഹാദിയയുടെ വിവാഹ കാര്യത്തില്‍ ഇടപെടുന്നില്ലെന്നു പറഞ്ഞ അതേ കോടതി നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കി നടന്ന ഹാദിയയുടെയും ഷെഫിന്‍ ജഹാന്‍ എന്ന യുവാവിന്റെയും വിവാഹം റദ്ദ് ചെയ്തു. ഒരു സംസ്ഥാനത്തെ ഉന്നതമായ നീതിപീഠത്തില്‍ നിന്നുണ്ടായ ഈ വിചിത്രമായ നടപടി നമ്മുടെ നിയമ വൃത്തങ്ങളിലും പൊതു മണ്ഡലത്തിലും ഏതുവിധത്തിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത് എന്നു നിരീക്ഷിച്ചാല്‍ മുസ്‌ലിം സ്വത്വവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന മുന്‍വിധികളുടെ ആഴം മനസ്സിലാവും.
ഹാദിയയുടെ പിതാവ് ഉന്നയിച്ച പരാതിയുടെ മെറിറ്റ് പോലും പരിശോധിക്കാതെ അതിനെ മുഖവിലയ്‌ക്കെടുത്തും മറുഭാഗത്തിന്റെ വാദമുഖങ്ങള്‍ക്കു ചെവികൊടുക്കാതെയും വൈകാരികമായി പെരുമാറുകയാണ് കോടതി ചെയ്തത്. കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ അഭിഭാഷകനും അതിനെ പിന്തുണച്ചു എന്നുമാത്രമല്ല സംഘപരിവാരത്തിന്റെ അഭിഭാഷകനോടൊപ്പം വിജയാഹ്ലാദം പങ്കിടുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും വിവാഹിതരാവാതെ തന്നെ ഒരുമിച്ചു കഴിയാമെന്നു നിയമമുള്ള രാജ്യത്തെ കോടതിയാണ് കെട്ടിച്ചമച്ച ഒരു ആരോപണത്തിന്റെ പേരില്‍ ഒരു യുവാവിന്റെയും യുവതിയുടെയും വിവാഹം ദുര്‍ബലപ്പെടുത്തി യുവതിയെ അവര്‍ അരുതെന്നു പരസ്യമായി നിലവിളിച്ചുകൊണ്ടിരിക്കെ മാതാപിതാക്കള്‍ക്ക് ഒപ്പം പോലിസുകാരെ ഉപയോഗിച്ചു ബലമായി കൊണ്ടുപോവുന്നത്.
ഐ.എസുമായി ബന്ധപ്പെട്ടു രാജ്യത്തു പ്രചാരത്തിലുള്ള അപസര്‍പ്പക കഥകള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു പറയുന്നത് സംസ്ഥാനത്തെ പോലിസ് മേധാവിയാണ്. ഐ.എസില്‍ പോയവരെ കുറിച്ചു ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സ്ഥിരീകരിക്കപ്പെടാത്ത ചില വാര്‍ത്തകളെയും ദുരൂഹമായ ഇ-മെയില്‍ സന്ദേശങ്ങളെയും മാത്രം ആധാരമാക്കി സംഘപരിവാര കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ പക്ഷേ, കോടതിക്കും ഭരണകൂടത്തിനും ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കാന്‍ ആധാരമായി മാറുന്നുവെന്നത് അദ്ഭുതം ഉളവാക്കുന്നതാണ്.
ഐ.എസ് എന്ന വിചിത്ര പ്രതിഭാസത്തെക്കുറിച്ചു മുസ്‌ലിം ലോകത്തിനു പൊതുവിലും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് പ്രത്യേകിച്ച് അറിവൊന്നും ഇല്ല. അതു സംബന്ധമായി പുറത്തുവരുന്ന വാര്‍ത്തകളുടെ ഉറവിടം മിക്കവാറും സംഘപരിവാരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ്. അവര്‍ക്കാണ് അതേക്കുറിച്ചു കൂടുതല്‍ വ്യക്തത കാണുന്നത്. ഐ.എസിനെ കുറിച്ച വിവരങ്ങള്‍ അവരുടെ കേന്ദ്രങ്ങളില്‍ നിന്നാണ് ആധികാരികമായി പുറത്തുവരുന്നത്. അവര്‍ സിറിയയിലേക്കു പോയെന്നു പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ പ്രചരിപ്പിച്ച ശ്വേത എന്ന യുവതി തൃപ്പൂണിത്തുറയിലെ സംഘപരിവാരത്തിന്റെ ഘര്‍വാപ്പസി കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടു മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തിയിട്ടും കേരളത്തിലെ ഇടതു സര്‍ക്കാരിനോ പൊതു സമൂഹത്തിനോ പറയത്തക്ക അസ്വസ്ഥതയൊന്നും കാണുകയുണ്ടായില്ല. അപ്രത്യക്ഷരായി എന്നു പ്രചരിപ്പിക്കപ്പെടുന്ന മറ്റുള്ളവരെയും ഒരുപക്ഷേ, അവിടെ കണ്ടെത്തിയേക്കും. അറുപതിലേറെ സ്ത്രീകള്‍ ആ കേന്ദ്രത്തില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നതായി വെളിപ്പെടുത്തിയിട്ടും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല. മുസ്‌ലിം സമൂഹത്തിനു നേരെ നോക്കി സദാ ഞെട്ടുന്നവരില്‍ കാണുന്ന ഈ അലസഭാവത്തിന്റെ അര്‍ഥമെന്താണ്? കേരള ഭരണകൂടം അടക്കം പങ്കാളിയായ ഒരു മുസ്‌ലിംവിരുദ്ധ അജണ്ടയുടെ ഭാഗമാണോ ഇതെല്ലാം? മറ്റാരോ കെട്ടിയേല്‍പ്പിക്കുന്ന മാറാപ്പുകള്‍ മുസ്‌ലിംകള്‍ ചുമന്നു നടക്കണമെന്നു നമ്മുടെ ന്യായാസനങ്ങളും ഭരണകൂടങ്ങളും ശഠിക്കുന്നതു എന്തുകൊണ്ടാണ്?
ഹാദിയ കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം വിഷയത്തില്‍ എന്‍.ഐ.എ അന്വേഷണം നടക്കുന്നു. അവര്‍ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു എന്നാണ് അറിയുന്നത്. കേസ് ഒക്ടോബര്‍ 9നു വാദം കേള്‍ക്കാന്‍ വച്ചിരിക്കുകയാണ്. ഇതുസംബന്ധമായി സുപ്രിംകോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും അന്തിമ വിധി വരുന്നതു വരെ കാത്തിരിക്കുകയെ നിവൃത്തിയുള്ളൂ.
രണ്ടാമത്തെ മതംമാറ്റ സംഭവം കാസര്‍കോട് സ്വദേശിനി ആതിരയുടേതാണ്. ഹാദിയയെ പോലെ തന്നെ ഇസ്‌ലാമില്‍ സ്വയം താല്‍പ്പര്യം തോന്നിയാണ് ആതിരയും ഇസ്‌ലാം ആശ്ലേഷിച്ചത്. തുടക്കത്തില്‍ തന്നോട് സഹകരിച്ച വീട്ടുകാര്‍ എതിര്‍ത്തു തുടങ്ങിയപ്പോള്‍ വീട് വിട്ട് ഇറങ്ങുകയാണ് ചെയ്തതെന്നാണ് പിന്നീട് പോലിസില്‍ ഹാജരായ ആതിര എന്ന ആയിഷ മാധ്യമങ്ങളോടും പോലിസിനോടും പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ അവരെ മുസ്‌ലിമായി ജീവിക്കാന്‍ അനുവദിക്കുമെന്ന ഉറപ്പിലാണ് കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. എന്നാല്‍, കോടതിയില്‍ കൊടുത്ത ഉറപ്പിനു കടകവിരുദ്ധമായി ആയിഷയെ ആര്‍.എസ്.എസ്സിന്റെ ഘര്‍വാപ്പസി കേന്ദ്രത്തില്‍ എത്തിക്കുകയാണ് ചെയ്തത്. ആയിഷ തൃപ്പൂണിത്തുറ ഘര്‍വാപ്പസി കേന്ദ്രത്തില്‍ പീഡനങ്ങള്‍ക്കിരയായതിനു താന്‍ സാക്ഷിയാണെന്ന് അവിടെ നിന്നു രക്ഷപ്പെട്ട ശ്വേത വെളിപ്പെടുത്തുകയുണ്ടായി. പക്ഷേ, കേരള ഭരണകൂടമോ കേരളീയ സമൂഹമോ അതു കാര്യമായി ഗൗനിക്കുകയുണ്ടായില്ല. ആയിഷ വീണ്ടും ആതിരയായി മാറി എന്നാണ് പറയുന്നത്. സംഘപരിവാരവും കേരളത്തിലെ സി.പി.എമ്മും ഇടതുലിബറല്‍ കേന്ദ്രങ്ങളും ആ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ആഘോഷിച്ചു കൊണ്ടിരിക്കുന്നതായി നാം കാണുന്നു.
ഇതിനുമുമ്പ് കേരളത്തിന്റെ അനുഗൃഹീത കവയത്രി മാധവിക്കുട്ടി ഇസ്‌ലാം സ്വീകരിച്ചു കമലാ സുരയ്യ എന്ന പേര്‍ സ്വീകരിച്ചത് വമ്പിച്ച തോതിലുള്ള കോലാഹലങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. പക്ഷേ, അവരുടെ വ്യക്തിപരമായ പ്രാഗല്ഭ്യവും മക്കളടക്കം സ്വീകരിച്ച ധീരമായ നിലപാടുകളും കാരണമായി വിവാദങ്ങള്‍ വലിയതോതില്‍ ഫലം കാണുകയുണ്ടായില്ല.
മതപരിവര്‍ത്തനത്തോടുള്ള പ്രത്യേകിച്ചും ഇസ്‌ലാമിലേക്കുള്ള മാറ്റത്തോടുള്ള കേരളീയ പൊതു മണ്ഡലത്തിന്റെ അസഹിഷ്ണുത എത്രമാത്രമാണെന്നു കമലാ സുരയ്യയുടെ മതംമാറ്റത്തോടുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കിത്തന്നിരുന്നു. മാനവികതയെക്കുറിച്ചു വലിയ വായില്‍ സംസാരിച്ചുവന്നിരുന്ന പലരും മനസ്സില്‍ പേറുന്നത് എന്താണെന്ന് അതു കാണിച്ചു തന്നു.
സി.പി.എം അടക്കമുള്ള ഇടതുപക്ഷവും ഇക്കാര്യത്തില്‍ തീര്‍ത്തും മുസ്‌ലിം വിരുദ്ധമായ മനോനിലയാണ് പുറത്തെടുത്തു കാണുന്നത്. അത്തരമൊരു നിലപാടിന്റെ യുക്തികളും ന്യായങ്ങളും പരിശോധിക്കപ്പെടേണ്ട സന്ദര്‍ഭമാണിത്.
മതത്തിന്റെ വേലിക്കെട്ടുകളെ കുറിച്ചു വാചാലരാവുന്നവര്‍ ആ വേലിക്കെട്ടുകള്‍ കൊണ്ടുദ്ദേശിക്കുന്നത് ഇസ്‌ലാമിന്റെ മതചട്ടക്കൂടുകള്‍ മാത്രമാണെന്ന് ഓരോ സംഭവത്തിലും അവര്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്നു മനസ്സിലാവുന്നു. ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും വലിയ തോതിലുള്ള മുന്‍വിധികള്‍ കാത്തുസൂക്ഷിക്കുന്നവരാണ് കേരളത്തിലെ സി.പി.എം നേതൃത്വം എന്ന വിമര്‍ശനം നേരത്തേ തന്നെയുണ്ട്. രാജ്യത്തു നിലനില്‍ക്കുന്ന സവര്‍ണ  പൊതുബോധമാണ് സി.പി.എമ്മിന്റെ നിലപാടുകളെ നിയന്ത്രിക്കുന്നതെന്ന ആക്ഷേപം നിരവധി സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നുവന്നതാണ്. സ്വന്തം പാര്‍ട്ടിക്കകത്തു തന്നെയുള്ള കീഴ്ജാതിന്യൂനപക്ഷ സ്വത്വ ചിന്തകളോട് പാര്‍ട്ടി പുലര്‍ത്തുന്ന അസഹിഷ്ണുത പല സന്ദര്‍ഭങ്ങളിലും പുറത്തു വരുകയുണ്ടായി.
അതേസമയം, സി.പി.എമ്മിന്റെ വോട്ടുബാങ്കായി നിലനില്‍ക്കുന്ന ഈഴവ വിഭാഗങ്ങളടക്കം ഇന്ന് അനുഭവിക്കുന്ന മെച്ചപ്പെട്ട സാമൂഹിക അവസ്ഥ രൂപപ്പെടുന്നതില്‍ കേരളത്തിലുണ്ടായ മതപരിവര്‍ത്തനങ്ങള്‍ വലിയ തോതില്‍ കാരണമായിട്ടുണ്ടെന്നതു ചരിത്ര യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നവോത്ഥാനം സാധ്യമാക്കിയതിനു പിന്നിലും മതംമാറ്റങ്ങള്‍ക്കുള്ള പങ്ക് ആര്‍ക്കും  നിഷേധിക്കാനാവില്ല. മതംമാറ്റം രാഷ്ട്രീയ അധികാരവും സാമൂഹിക നിയന്ത്രണവും കൈവശപ്പെടുത്തിയ അധീശ ശക്തികള്‍ക്കു മുമ്പില്‍ വിലപേശാനുള്ള ഒരായുധമായി എക്കാലവും വര്‍ത്തിച്ചിരുന്നു. അംബേദ്കറെ പോലുള്ള മഹാ മനീഷികള്‍ പ്രായോഗികമായി അതു തെളിയിച്ചതാണ്. ഇന്നും ആ അവസ്ഥ നില നില്‍ക്കുന്നതായി കാണാം. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ ഇസ്‌ലാമിന്റെ സാമൂഹിക പ്രസക്തി ചരിത്രപരമാണ്. അതിനെ അപസര്‍പ്പക കഥകള്‍ കൊണ്ട് തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. സ്വതന്ത്രരായ മനുഷ്യരുടെ അന്വേഷണങ്ങള്‍ക്കു തടയിടാന്‍ കള്ളക്കഥകളുടെ മതിലുകള്‍ പണിയുന്നവര്‍ കാലം നിരാകരിച്ച അധീശ ബോധത്തിന്റെ കാവലാളുകളാവാനാണ് ശ്രമിക്കുന്നത്.
''വിശ്വദേവതാ വാദത്തില്‍ അധിഷ്ഠിതമായ ദൈവജ്ഞാന മണ്ഡലത്തില്‍ ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ സിദ്ധാന്തം 'നാനാത്വത്തില്‍ ഏകത്വം' കാണാന്‍ ദാര്‍ശനികര്‍ക്കു പ്രചോദനമേകിയിരിക്കാമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
വിശ്വദേവതാ വാദത്തെ കൈവെടിയാതെ തന്നെ ഏകത്വത്തില്‍ ഉറച്ചുനിന്ന് ഇസ്‌ലാമിക സിദ്ധാന്തത്തെ അദൈ്വത സിദ്ധാന്തവുമായി സമരസപ്പെടുത്താന്‍ ശങ്കരാചാര്യര്‍ക്കു പ്രേരണ നല്‍കിയത് സമകാലീനരായ സൂഫീ ചിന്തകരാണെന്നു പല പ്രഗല്ഭമതികളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇസ്‌ലാംമത സിദ്ധാന്തങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ ശ്രീനാരായണ ഗുരു വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് അദ്ദേഹത്തിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവ'മെന്ന സിദ്ധാന്തത്തില്‍ ഇസ്‌ലാംമതത്തിന്റെ ഏകദൈവ മനുഷ്യ സാഹോദര്യ സന്ദേശങ്ങളുടെ സ്വാധീനമുണ്ടായിരുന്നു എന്നു സംശയിക്കാന്‍ വക തരുന്നതാണ്. ഹൈന്ദവ ഇസ്‌ലാമിക ചിന്താഗതികള്‍ സമന്വയിപ്പിക്കാനുള്ള ശ്രമമാണ് ശബരിമല അയ്യപ്പന്റെയും വാവരുടെയും കഥകളില്‍ പ്രതിഫലിക്കുന്നതെന്ന് ഊഹിക്കാന്‍ ന്യായമുണ്ട്.'' (ഇസ്‌ലാം കേരളത്തില്‍ ഡോ. പി. ശ്രീധരന്‍ നായര്‍)
മതംമാറ്റമല്ല, മനുഷ്യരുടെ ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശത്തിനുമേല്‍ കടന്നുകയറാനുള്ള ചിലരുടെ ശ്രമങ്ങളാണ് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത്. കൈയൂക്കിന്റെ ഭാഷയില്‍ മനുഷ്യമേധയോട് സംവദിക്കാന്‍ ആര്‍ക്കുമാവില്ല. മതമുള്ളവര്‍ക്കും  ഇല്ലാത്തവര്‍ക്കും അവരവരുടെ ചിന്തകളും കണ്ടെത്തലുകളും യഥേഷ്ടം കൈമാറാനാവുന്ന ഒരു സ്വതന്ത്ര സമൂഹത്തിലേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ.
മുന്‍വിധികള്‍ സൃഷ്ടിച്ച വൈരനിര്യാതന ബുദ്ധിയില്‍ ഫാഷിസത്തിനു കുടപിടിക്കുന്നവര്‍ സ്വയംനാശത്തിന്റെ വഴിയിലാണെന്നു തിരിച്ചറിയുമ്പോഴേക്കും ചിലപ്പോള്‍ വൈകിപ്പോയി എന്നിരിക്കും.

Read This...

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; സത്യസരണി അടച്ചുപൂട്ടണം: കെ സുരേന്ദ്രന്‍

Next Story

RELATED STORIES

Share it